ആന്തൂരിലെ ആത്മഹത്യ; സസ്‌പെന്‍ഷനിലായ നഗരസഭാ സെക്രട്ടറിയുടെ മൊഴി ഇന്നെടുക്കും

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലുള്ള നഗരസഭാ സെക്രട്ടറിയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്നതില്‍ സെക്രട്ടറി അടക്കമുളള ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

സാജന്റെ ഉടമസ്ഥതയിലുളള ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ശ്രമം നടന്നതായാണ് അന്വേക്ഷണ സംഘത്തിന്റെ കണ്ടെത്തല്‍.നഗരസഭാ എഞ്ചിനീയര്‍ ശിപാര്‍ശ ചെയ്തിട്ടും സെക്രട്ടറി അനുമതി നല്‍കുന്നത് മനപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ നഗരസഭ സെക്രട്ടറി അടക്കമുളള ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുന്നത് കേസില്‍ ഏറെ നിര്‍ണായകമാണ്.

രാവിലെ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പിയുടെ ഓഫീസില്‍ വെച്ചാണ് നഗരസഭാ സെക്രട്ടറി എന്‍.കെ ഗിരീഷിന്റെ മൊഴി രേഖപ്പെടുത്തുക. നഗരസഭാ സെക്രട്ടറി മുന്‍കൂര്‍ ജാമ്യാപേക്ഷക്കൊപ്പം സമര്‍പ്പിച്ച അറസ്റ്റ് തടയണമെന്ന ആവശ്യം ഇന്നലെ ഹൈക്കോടതി തളളിയിരുന്നു.

ഇതിനിടെ സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കുകയാണ്.

ഇതിനിടെ നഗരസഭ അധ്യക്ഷ പി.കെ ശ്യമാളയെ കേസില്‍ നിന്ന് ഒഴിവാക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്. ഇതിന്റെ ഭാഗമായി യു.ഡി.എഫ് വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചിട്ടുണ്ട്. നാളെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും അടക്കമുള്ള സംഘടനകള്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുന്നുമുണ്ട്.

Top