കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങണം:ഗവര്‍ണര്‍

തിരുവനന്തപുരം : തൊഴില്‍ അന്വേഷകരെ സഹായിക്കാന്‍ വിദേശ പരിചയം ഉള്ളവരെ ഉള്‍പ്പെടുത്തി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവാസി സഹായ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് നന്നായിരിക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം.

ലോക കേരളസഭയുടെ സമാപന സമ്മേളനം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രവാസി സഹായ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്താം. പ്രവാസികളിലേറെയും ജീവിക്കുന്നതിനായി മോശം സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലാളികളായാണ് മലയാളികളെ കരുതുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ അവര്‍ ജോലി ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. വീട്ടുജോലിയിലും ആരോഗ്യ മേഖലയിലും പണിയെടുക്കുന്ന സ്ത്രീ ജീവനക്കാരുടെ സുരക്ഷയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യണം. ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ വയ്‌ക്കേണ്ട നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന് ലോകകേരളസഭയിലെ ചര്‍ച്ചകള്‍ സഹായകമാകുമെന്ന് കരുതുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസികളെ ഉള്‍ക്കൊള്ളിച്ച് ലോകകേരളസഭ സംഘടിപ്പിച്ചതിനും പ്രതിപക്ഷത്തിന്റെ സഹകരണം ഉറപ്പാക്കിയതിനും മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും ഗവര്‍ണര്‍ അഭിനന്ദിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് സഭാ നടപടികള്‍ വിജയിപ്പിച്ചത് മാതൃകയാണെന്ന് പറഞ്ഞ അദ്ദേഹം രണ്ടു ദിവസത്തെ സഭ ഫലപ്രദമായി നിയന്ത്രിച്ച സ്പീക്കറെയും അഭിനന്ദിച്ചു.

Top