nri couple allegedly had adopted teen son killed for insurance money

death

അഹമ്മദാബാദ്:ദത്തെടുത്ത മകനെ എന്‍.ആര്‍.ഐ ദമ്പതികള്‍ ഇന്‍ഷൂറന്‍സ് തുകയ്ക്ക് വേണ്ടി കൊലപ്പെടുത്തി.

ലണ്ടനില്‍ താമസിക്കുന്ന ആര്‍തി ലോക്‌നാഥ്, ഭര്‍ത്താവ് കണ്‍വാല്‍ജിത്ത് സിങ് റെയ്ജാത എന്നിവരാണ് ദത്തുപുത്രനായ 13കാരന്‍ ഗോപാലിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ അഹമ്മദാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്‍ഷൂറന്‍സ് തുകയായ 1.20 കോടി തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നിതീഷ് എന്നയാളുടെ സഹായത്തോടെയാണ് ദമ്പതികള്‍ കുട്ടിയെ ദത്തെടുത്തത്. തുടര്‍ന്ന് വന്‍ തുകയ്ക്ക് കുട്ടിയുടെപേരില്‍ ഇന്‍ഷുറന്‍സെടുത്തു. പിന്നീട് ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ലണ്ടനില്‍ തന്നെയാണ് നീതീഷ് എന്നയാളും താമസിച്ചിരുന്നത്. അടുത്തിടെ നാട്ടിലെത്തിയ നിതീഷിനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിതീഷിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. ഫെബ്രുവരി എട്ടിന് അജ്ഞാതരുടെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ ഗോപാല്‍ പിന്നീട് മരണത്തിന് കീഴടങ്ങി.

എന്‍.ആര്‍.ഐ ദമ്പതികള്‍ അഞ്ചുലക്ഷം രൂപവീതം നല്‍കി ഏര്‍പ്പെടുത്തിയ വാടക കൊലയാളികളാണ് ഗോപാലിനെ കുത്തിവീഴ്ത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 2015 മുതല്‍ ദമ്പതികള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിവരികയായിരുന്നു.

നിയമ നടപടികളുടെ ഭാഗമായി എന്‍.ആര്‍.ഐ ദമ്പതികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി പൊലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Top