പ്രവാസി സ്ത്രീകളുടെ സുരക്ഷയ്ക്ക് നോര്‍ക്കയില്‍ വനിത എന്‍.ആര്‍.ഐ സെല്‍ രൂപവത്കരിക്കും: മുഖ്യമന്ത്രി

pinarayi-vijayan

ദുബൈ: വിദേശത്തേക്ക് പോകുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നോര്‍ക്കയില്‍ വനിത എന്‍.ആര്‍.ഐ സെല്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായിയില്‍ നടക്കുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

വിദേശത്തേക്ക് തൊഴില്‍ തേടി പോകുന്ന സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ചൂഷണം തടയാന്‍ നോര്‍ക്കയിലെ വനിതാ സെല്‍ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍.ആര്‍.ഐ കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപവത്കരിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. പ്രവാസികള്‍ക്ക് ഈ കമ്പനിയില്‍ നിക്ഷേപം നടത്താം. പ്രവാസി മലയാളികള്‍ക്ക് അനുകൂലമായ നിരവധി പ്രഖ്യാപനങ്ങള്‍ ലോക കേരള സഭയില്‍ മുഖ്യമന്ത്രി നടത്തി

വിദേശത്തേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഹൈപവര്‍ കമ്മിറ്റി രൂപവത്കരിക്കും. പ്രവാസികള്‍ക്ക് ഡിവിഡന്റ് നല്‍കുന്ന നിക്ഷേപ പദ്ധതി ഉടന്‍ തുടങ്ങും. ലോകമെങ്ങുമുള്ള മലയാളികളുടെ നന്മ ഉദ്ദേശിച്ചാണ് ലോക കേരള സഭ ചേരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അംബാസഡര്‍ നവദീപ് സിംഗ് സൂരി, കെ.സി.ജോസഫ് എം.എല്‍.എ., എം.എ യൂസഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവരും പങ്കെടുത്തു.

Top