അസം…വിഭജന കാലത്തിന്റെ ചോര മണക്കുന്ന സ്മരണകള്‍ വീണ്ടുമോ; പ്രതികരിച്ച് മുഹമ്മദ് റിയാസ്

കൊച്ചി: അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) പ്രസിദ്ധീകരിച്ചതിനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് രംഗത്ത്.

19.06 ലക്ഷം ജനങ്ങള്‍ ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് അസമിലെ പൗരത്വ റെജിസ്റ്റര്‍ അന്തിമ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നതെന്നും വിഭജനകാലത്തിന്റെ ചോര മണക്കുന്ന സ്മരണകള്‍ ഇന്ത്യയെ വീണ്ടും മൂടുകയാണെന്നും മുഹമ്മദ് റിയാസ് തുറന്നടിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആസ്സാം….
വിഭജന കാലത്തിന്റെ ചോര മണക്കുന്ന സ്മരണകൾ ഇന്ത്യയെ വീണ്ടും മൂടുന്നോ ?…
-പി എ മുഹമ്മദ് റിയാസ്-

19.06 ലക്ഷം ജനങ്ങൾ ഇന്ത്യൻ പൗരൻമാരല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് അസമിലെ പൗരത്വ റെജിസ്റ്റർ അന്തിമ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.
മരിച്ചു മൺമറഞ്ഞു പോയ തങ്ങളുടെ മുൻ തലമുറക്കാർ 1970 നു മുൻപേ ഈ രാജ്യത്തെ പൗരൻമാരായിരുന്നു എന്നു രേഖാമൂലം തെളിയിക്കാൻ പരാജയപ്പെട്ടു പോയ 19.06 ലക്ഷം ജനങ്ങൾ.
അതിൽ ജനപ്രതിനിധികൾ മുതൽ രാജ്യത്തിനു വേണ്ടി പോരടിച്ച സൈനിക ഓഫീസർമാർ വരെ ഉൾപ്പെടുന്നു.
പൗരത്വം നിഷേധിച്ചവർക്ക്, സ്വന്തം രാജ്യത്തിൽ അസ്ഥിത്വം തെളിയിക്കൾ 120 ദിവസത്തെ സമയത്തിന്റെ ഔദാര്യം കൂടി ഇന്ത്യൻ ഭരണകൂടം നൽകിയിട്ടുണ്ട്. പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ടവർ അറവുമാടുകളെ പോലെ ഡിറ്റൻഷൻ ക്യാമ്പുകളിലേക്ക് ആട്ടിതെളിക്കപ്പെട്ടു തുടങ്ങി കഴിഞ്ഞു.
വിഭജനകാലത്തിന്റെ ചോര മണക്കുന്ന സ്മരണകൾ ഇന്ത്യയെ വീണ്ടും മൂടുകയാണ്.

Top