ദേശീയ പൗരത്വ രജിസ്റ്റര്‍ ഡല്‍ഹിയിലും വേണം: മനോജ് തിവാരി

ന്യുഡല്‍ഹി: ഡല്‍ഹിയിലും ദേശീയ പൗരത്വ രജിസ്റ്റര്‍ വേണമെന്ന് ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി. ഡല്‍ഹിയിലെ സ്ഥിതി അപകടം നിറഞ്ഞതാണ്. അനധികൃത കുടിയേറ്റക്കാരാണ് അപകടകാരികളെന്നും മനോജ് തിവാരി ആരോപിച്ചു.

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്ത വന്നതിന് പിന്നാലെയാണ് മനോജ് തിവാരിയുടെ പ്രഖ്യാപനം. ഓണ്‍ലൈന്‍ വഴിയാണ് അസമിലെ പൗരത്വ പട്ടിക കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. 3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടു. 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

40.37 ലക്ഷം പേര്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുറത്തുവിട്ട കരട് പൗരത്വ പട്ടികയില്‍ നിന്നും പുറത്തായിരുന്നു. പട്ടികയില്‍ നിന്ന് പുറത്തായവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇവരുടെ ഭാഗം കേള്‍ക്കുന്നതിന് 1000 ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തിരുന്നു. നിലവില്‍ 100 ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Top