ഗൂഢലക്ഷ്യത്തോടെയുള്ള പൗരത്വ റജിസ്റ്റര്‍ പദ്ധതി ഒരു തികഞ്ഞ പരാജയമാണെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത : അസമിലെ ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) പ്രസിദ്ധീകരിച്ചതിനെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഗൂഢലക്ഷ്യത്തോടെ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ പദ്ധതി ഒരു തികഞ്ഞ പരാജയമാണെന്ന് മമത പറഞ്ഞു.

എന്‍ആര്‍സിയിലൂടെ രാഷ്ട്രീയ മുന്നേറ്റം ആഗ്രഹിച്ചവര്‍ക്കെല്ലാം അതിന്റെ പരാജയം തിരിച്ചടിയാണ്. അതാരൊക്കെയാണ് ഇപ്പോള്‍ വെളിപ്പെട്ടു. അവര്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. സമൂഹത്തിന്റെ നന്മയും രാജ്യത്തിന്റെ താല്‍പര്യവും മാനിക്കാതെ ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ സംഭവിക്കുന്നത് ഇതാണെന്ന് അവര്‍ ട്വീറ്റ് ചെയ്തു. വിലക്ഷണമായ പ്രവര്‍ത്തി മൂലം ദുരിതമനുഭവിക്കുന്നവരോട് സഹതാപമുണ്ടെന്നും മമത വ്യക്തമാക്കി.

ശനിയാഴ്ച രാവിലെയാണ് അസമിലെ ദേശീയ പൗരത്വ റജിസ്റ്ററിന്റെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. 3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടു. 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

40.37 ലക്ഷം പേര്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുറത്തുവിട്ട കരട് പൗരത്വ പട്ടികയില്‍ നിന്നും പുറത്തായിരുന്നു. പട്ടികയില്‍ നിന്ന് പുറത്തായവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇവരുടെ ഭാഗം കേള്‍ക്കുന്നതിന് 1000 ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തിരുന്നു. നിലവില്‍ 100 ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Top