പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ ആവശ്യമില്ലെന്ന് അമിത് ഷായോട് മമത

ന്യൂഡല്‍ഹി: പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയതിലൂടെ അസമില്‍ പുറത്തായ 19 ലക്ഷം ജനങ്ങള്‍ ഒരുപക്ഷേ രാജ്യത്തെ യഥാര്‍ത്ഥ വോട്ടര്‍മാരായിരിക്കാമെന്ന് അമിത് ഷായോട് മമത. ഇത് ബംഗാളില്‍ ആവശ്യമില്ലെന്നും മമത വ്യക്തമാക്കി.

”ഞാന്‍ അദ്ദേഹത്തിന് ഒരു കത്ത് കൈമാറി. പൗരത്വ രജിസ്റ്ററിനെ തുടര്‍ന്ന് പുറത്തായവരില്‍ നിരവധി പേര്‍ ഹിന്ദി സംസാരിക്കുന്ന, ബംഗാളി സംസാരിക്കുന്ന അസമികള്‍ ആണെന്ന കാര്യം ഞാന്‍ ചൂണ്ടിക്കാണിച്ചു. നിരവധി യഥാര്‍ഥ വോട്ടര്‍മാര്‍ പുറത്തായിരിക്കാം. ഇക്കാര്യം പരിശോധിക്കപ്പെടണം. ഞാന്‍ ഒരു ഔദ്യോഗിക കത്ത് സമര്‍പ്പിച്ചു”- മമത ബാനര്‍ജി വ്യക്തമാക്കി.

പൗരത്വ രജിസ്റ്ററിനെതിരെ കര്‍ശനമായ നിലപാട് ആദ്യം മുതല്‍ക്കേ സ്വീകരിച്ച മമത ബാനര്‍ജി ബംഗാളില്‍ ഇത് നടപ്പാക്കാനനുവദിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.

ആഗ്സറ്റ് 31ന് പ്രസിദ്ധീകരിച്ച അസം ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികയില്‍ 3 കോടി 11 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ടപ്പോള്‍ 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു.

അര്‍ഹരായ നിരവധിപ്പേര്‍ പട്ടികയില്‍ നിന്ന് പുറത്തായെന്നും നിരവധി ഹിന്ദുക്കളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന വ്യാപക പരാതികളുയര്‍ന്നതിനെത്തുടര്‍ന്ന് അസമിലെ ഒരു വിഭാഗം ബി.ജെ.പി നേതാക്കളും നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു.

അതേസമയം ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയൊട്ടാകെ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

“എന്‍ആര്‍സി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. രാജ്യത്തെ പൗരന്മാരുടെ ഒരു രജിസ്റ്റര്‍ ഉണ്ടാക്കും. അമേരിക്കയിലോ ഇംഗ്ലണ്ടിലോ റഷ്യയിലോ ഒരു ഇന്ത്യാക്കാരന് പോയി നിയമവിരുദ്ധമായി താമസിക്കാന്‍ സാധിക്കുമോ? ഇല്ല, പിന്നെ എന്തുകൊണ്ടാണ് മറ്റ് രാജ്യക്കാര്‍ ഇന്ത്യയില്‍ നിയമപരമായ രേഖകളില്ലാതെ ജീവിക്കുന്നത്? അതുകൊണ്ട് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു,” എന്നാണ് അദ്ദേഹം പറഞ്ഞത്.

Top