എന്‍പിആര്‍ കൊണ്ടുവന്നവര്‍ തന്നെ നുണകള്‍ പ്രചരിപ്പിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മോദി

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ കൊണ്ടുവന്നവര്‍ തന്നെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ ജനസംഖ്യാ റജിസ്റ്ററിലും പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ രാജ്യസഭയില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് മോദി ഇക്കാര്യം പറഞ്ഞത്.

2010ലാണ് എന്‍പിആര്‍ വന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് 2014ല്‍. എന്തിനാണ് നിങ്ങള്‍ നുണ പറയുന്നത്? എന്തിനാണ് ജനങ്ങളെ പറ്റിക്കുന്നത്. സെന്‍സസും എന്‍പിആറും സാധാരണ രീതിയിലുള്ള ഭരണപരമായ പ്രക്രിയ മാത്രമാണ്. നേരത്തേയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണു ചെയ്യുന്നത്.

എന്‍പിആറിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പ്രധാനമന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കി. സ്‌കൂളുകള്‍ ഉണ്ടാക്കുമ്പോള്‍ രക്ഷിതാക്കള്‍ സംസാരിച്ച ഭാഷ ഉള്‍പ്പെടെ ആവശ്യമായി വരും. ഉദാഹരണത്തിന് ചിലര്‍ ഒഡിഷയില്‍നിന്ന് ഗുജറാത്തിലേക്കു താമസം മാറി വന്നിട്ടുണ്ടെങ്കില്‍ അവരുടെ ഭാഷ ഒഡിയ ആണെന്നു പറഞ്ഞാലാണ് അവര്‍ക്കായി സ്‌കൂള്‍ ഉണ്ടാക്കാന്‍ സാധിക്കുക.

എന്‍പിആര്‍ നടപ്പാക്കില്ലെന്നു പറയുന്ന സംസ്ഥാനങ്ങള്‍ വികസന വിരോധികളാണ്. പൗരത്വ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ വര്‍ഗീയ വാദികളെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയില്‍ പ്രസ്താവന നടത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.

Top