എന്‍.പി.ആറില്‍ പ്രതിപക്ഷത്തിന് ആശങ്ക, സെന്‍സസ് നിര്‍ത്തിവെക്കാന്‍ സഭയില്‍ നോട്ടീസ്

എന്‍.പി.ആറിന് സഹായകരമായ രീതിയില്‍ സെന്‍സസില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കെ.എം ഷാജിയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഷാജിക്ക് വോട്ടവകാശമില്ലെന്നായിരുന്നു മന്ത്രി എ.കെ ബാലന്റെ വാദം.

അതേസമയം സെന്‍സസ് തുടങ്ങുന്നതിലെ ആശങ്ക സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു കെ.എം ഷാജി സഭയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ മന്ത്രി, ഷാജിയെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പറ്റില്ല എന്ന് മാത്രമേ കോടതി പറഞ്ഞുള്ളുവെന്ന് വി.ഡി സതീശന്‍ പറഞ്ഞു. നിയമമന്ത്രിക്ക് നിയമത്തിന്റെ ബാലപാഠം അറിയില്ല. ലോ കൊളജില്‍ പഠിക്കാന്‍ പോയപ്പോള്‍ ക്ലാസില്‍ കയറണമായിരിന്നു. കോടതി വിധിക്കെതിരെ അപ്പീല്‍ പോയിരിക്കുകയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി ബാലന്‍ ഉന്നയിച്ചത് ബാലിശമായ കാര്യമാണെന്ന് ചെന്നിത്തലയും പറഞ്ഞു.

എന്നാല്‍ കേരളത്തില്‍ എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന വാദത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍സസ് ആവശ്യമായ കാര്യമാണെന്നും അനാവശ്യമായ ഭയാശങ്ക സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. അതേസമയം സെന്‍സില്‍ നിന്ന് തന്നെ എന്‍.പി.ആറിലേക്ക് പോകാന്‍ കഴിയുമെന്നും എന്യുമറേറ്ററെ നിയന്ത്രിക്കുന്നത് കേന്ദ്ര സെന്‍സസ് വകുപ്പാണെന്നും അടിയന്തര പ്രമേയം അവതരിപ്പിക്കുമ്പോള്‍ ഷാജി അറിയിച്ചു.

Top