എന്‍പിആറുമില്ല, സെന്‍സസുമില്ല; കൊറോണാ മഹാമാരിയില്‍ നടപടികള്‍ റദ്ദാക്കി!

കൊറോണാവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന എന്‍പിആര്‍, സെന്‍സസ് 2021 നടപടികള്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ആദ്യ ദിനത്തിലാണ് തീരുമാനം വന്നത്.

പ്രതിപക്ഷം സംശയത്തോടെ വീക്ഷിക്കുകയും, പകര്‍ച്ചവ്യാധി നേരിടുന്ന ഘട്ടത്തില്‍ രണ്ട് വ്യായാമങ്ങളും തല്‍ക്കാലത്തേക്ക് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് പ്രഖ്യാപനം. ഈ നടപടിക്രമങ്ങള്‍ സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കൊപ്പം ഉപയോഗിച്ച് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പൗരത്വം എടുത്ത് കളയുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍ ഇത്തരം ഭയാശങ്കകള്‍ അടിസ്ഥാന രഹിതമാണെന്ന് പല തവണ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കൊറോണാവൈറസ് മഹാമാരിയായി പടരുന്ന സാഹചര്യത്തില്‍ രണ്ട് നടപടികളും നിര്‍ത്തിവെയ്ക്കണമെന്ന് നിരവധി സംസ്ഥാനങ്ങളും, രാഷ്ട്രീയ നേതാക്കളും അഭ്യര്‍ത്ഥിച്ചിരുന്നു. തല്‍ക്കാലത്തേക്ക് സര്‍ക്കാരുകളുടെ ശ്രദ്ധ രോഗത്തെ നേരിടുന്നതിലേക്ക് മാറ്റുകയായിരുന്നു ഉദ്ദേശം. 2020 ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ നീളുന്നതായിരുന്നു ഈ നടപടികള്‍. സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടേഴ്‌സുമായുള്ള കോണ്‍ഫറന്‍സിന് ശേഷവും നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതായാണ് നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.

കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് എന്‍പിആറിനെ എതിര്‍ക്കുന്നത്. എന്നാല്‍ സെന്‍സസ് നടപടികളുമായി സഹകരിക്കുമെന്ന് ഇവരില്‍ ഭൂരിഭാഗവും വ്യക്തമാക്കുകയും ചെയ്തു. രാജ്യത്തെ സ്വാഭാവിക പൗരന്‍മാരുടെ സമഗ്രമായ വ്യക്തിഗത ഡാറ്റാബേസ് തയ്യാറാക്കുകയാണ് എന്‍പിആറിന്റെ ലക്ഷ്യം.

Top