മേഘാലയയിൽ എൻപിപി-ബിജെപി സർക്കാർ

ദില്ലി: മേഘാലയയിൽ താരമായി എൻപിപിയും കോൺറാഡ് സാംഗ്മയും. എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയായ മേഘാലയയിൽ എൻപിപി-ബിജെപി സർക്കാരിന് വഴിയൊരുങ്ങുകയാണ്. 26 സീറ്റ് നേടിയ എന്‍പിപി, കേന്ദ്ര സഹായവും ഭരണസ്ഥിരതയും കണക്കിലെടുത്താണ് ബിജെപിയുമായി കൈകോർക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍പിപിയെ പിന്തുണക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടി.

60 നിയമസഭ മണ്ഡലങ്ങള്‍ ഉള്ള മേഘാലയയിൽ 26 സീറ്റുകളുമായി എൻപിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞ തവണ രണ്ട് സീറ്റുകൾ ഉണ്ടായിരുന്ന ബിജെപി ഇത്തവണയും അതേനിലയിലാണ്. എന്നാല്‍, സ്ഥിരതയുളള ഭരണവും കേന്ദ്ര സഹായവും ലക്ഷ്യമിടുന്ന എൻപിപി നേതാവ് കോൺറാഡ് സാംഗ്മ ബിജെപിക്കൊപ്പം കൈകോർക്കാൻ ഒരുങ്ങുകയാണ്. അമിത് ഷായുമായി കൊൻറാഡ് സാംഗ്മ ഫോണിൽ സംസാരിച്ചു. എൻപിപിയെ പിന്തുണയ്ക്കുമെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും വ്യക്തമാക്കി. 2018ൽ കോൺഗ്രസ് 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 19 സീറ്റ് നേടിയ എൻപിപി ബിജെപിയുടെയും യുഡിപിയുടെയും പിന്തുണയോടെ സർക്കാർ ഉണ്ടാക്കുകയായിരുന്നു. നാലര വർഷത്തിലേറെ ഒന്നിച്ച് ഭരിച്ച ശേഷം വഴിപിരിഞ്ഞ സഖ്യത്തിലെ ബിജെപിയും എൻപിപിയും ഇനി വീണ്ടും ഒന്നിക്കും.

അതേസമയം, യുഡിപി നിലപാട് പ്രഖ്യാപിച്ചിട്ടില്ല. 2018ൽ 20 ശതമാനം വോട്ട് നേടിയ എൻപിപി ഇത്തവണ അത് മുപ്പതിലെത്തിച്ചു. കഴിഞ്ഞ തവണ 6 സീറ്റ് ഉണ്ടായിരുന്ന യുഡിപി അത് 11 ആക്കി. കോൺഗ്രസ് വോട്ടുകളുടെ വലിയ ഭാഗം പിടിച്ചെടുക്കാൻ തൃണമൂൽ കോൺഗ്രസിനും യുഡിപിക്കും കഴിഞ്ഞു. എന്നിട്ടും കോൺഗ്രസ് അഞ്ച് സീറ്റു നേടി പിടിച്ചുനിന്നു. കോൺഗ്രസ് വിട്ട് വന്ന മുകുൾ സാംഗ്മയെ പ്രധാന മുഖമാക്കി പ്രചാരണത്തിനിറങ്ങിയ തൃണമൂലിനും അഞ്ച് സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു.

Top