npci starts pilot for bharat bill payment system

രാജ്യത്തെ റീട്ടെയില്‍ പേമെന്റ് സ്ഥാപനമായ നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഭാരത് ബില്‍ പേമെന്റ് സിസ്റ്റം (ബിബിപിഎസ്) പൈലറ്റ് പദ്ധതിക്കു തുടക്കം കുറച്ചു.

ഇപ്പോള്‍ കാഷ് ഉപയോഗിച്ചാണ് ബില്ലുകളില്‍ നല്ലൊരു പങ്കും നല്‍കുന്നത്. ഇത് കുറച്ചുകൊണ്ടുവന്ന് ഇലക്ട്രോണിക് പേമെന്റ് സംവിധാനത്തിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ ആരംഭിച്ചിട്ടുള്ളതാണ് ബിബിപിഎസ്.

ആദ്യ ഘട്ടത്തില്‍ 26 ഭാരത് ബില്‍ പേമെന്റ് ഓപ്പറേറ്റിംഗ് യൂണിറ്റ് (ബിബിപിഒയു) ആണ് ആരംഭിക്കുന്നത്. വൈദ്യുതി ബില്‍, ടെലിഫോണ്‍ ബില്‍, ഡിടിഎച്ച് ബില്‍ തുടങ്ങി ആവര്‍ത്തന സ്വഭാവമുള്ള ദൈനംദിന പേമെന്റുകളാണ് ആദ്യ ഘട്ടത്തില്‍ ബിബിപിഎസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

ബില്ലര്‍മാര്‍, പേമെന്റ് സേവനം നല്‍കുന്നവര്‍, റീട്ടെയില്‍ ബില്‍ ഔട്ട്‌ലെറ്റ് തുടങ്ങിയ ബില്‍ അഗ്രിഗേഷന്‍ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയാണ് ബിബിപിഒയു ആയി റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുള്ളത്.

ബിബിപിഒയുകള്‍ക്ക് ഏജന്റ് നെറ്റ് വര്‍ക്ക്, ബില്‍ നല്‍കുന്നതിനുള്ള കസ്റ്റമര്‍ ടച്ച് പോയിന്റ് തുടങ്ങിയവ സ്ഥാപിക്കാന്‍ അനുമതിയുണ്ടായിരിക്കും. ബിബിപിഎസ് വഴി നടത്തുന്ന ഇടപാടുകളുടെ ക്ലിയറിംഗ്, സെറ്റില്‍മെന്റ് എന്നിവയുടെ ചുമതല ഭാരത് ബില്‍ പേമെന്‍് സെന്‍ട്രല്‍ യൂണിറ്റിന് (ബിബിപിസിയു) ആണ്.

ബിബിപിസിയുവിന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ്.ബില്ലര്‍മാര്‍, പേമെന്റ് സേവനം നല്‍കുന്നവര്‍, റീട്ടെയില്‍ ബില്‍ ഔട്ട്‌ലെറ്റ് തുടങ്ങിയ ബില്‍ അഗ്രിഗേഷന്‍ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബാങ്കേതര സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമാണ് ബിബിപിഎസ് വഴി ഒരുക്കുന്നത്.

ഇതുവരെ റിസര്‍വ് ബാങ്ക് 62 സ്ഥാനപനങ്ങള്‍ക്ക് ബിബിപിഒയു ആയി പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതില്‍ 52 എണ്ണം ബാങ്കുകളും 10 എണ്ണം ബാങ്കേതര സ്ഥാപനങ്ങളുമാണ്.

ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോട്ക് മഹീന്ദ്ര, പിഎന്‍ബി, ആര്‍ബിഎല്‍, എസ്ബിഐ, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ ബിബിപിഒ യൂണിറ്റായി പ്രവര്‍ത്തിക്കുന്നവയില്‍ ഉള്‍പ്പെടുന്നു.

അവന്യൂസ് ഇന്ത്യ, ടെക് പ്രോസസ് പേമന്റ് സര്‍വീസസ്, സ്‌പൈസ് ഡിജിറ്റല്‍ ഇന്ത്യ, ഇറ്റ്‌സ് കാഷ് കാര്‍ഡ്, ബില്‍ ഡെസ്‌ക് തുടങ്ങിയ ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്കും ബിബിപിഒയു ആയി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

Top