ഇനി സ്വയം കൊവിഡ് പരിശോധന നടത്താം; ‘കൊവിസെല്‍ഫ്’ ഉടന്‍ വിപണിയിലേക്ക്

മുംബൈ: കൊവിഡ് പരിശോധന സ്വയം നടത്തുന്നതിനുള്ള ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത ആദ്യമെഡിക്കല്‍ കിറ്റ് ‘കൊവിസെല്‍ഫ്’ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. 250 രൂപയുടെ കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റില്‍ അറിയാമെന്ന് കിറ്റിന്റെ നിര്‍മ്മാതാക്കളായ മൈലാബ്ഡിസ്‌കവറി സൊലൂഷന്‍സ് വ്യക്തമാക്കി.

കഴിഞ്ഞ മാസം ഈ കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫൊര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) അനുമതി നല്‍കിയിരുന്നു. കൊവിഡ് രോഗലക്ഷണമുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതിയെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരിശോധിച്ച് പോസിറ്റീവ് ആണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതില്ല. എന്നാല്‍ രോഗലക്ഷണമുള്ളവര്‍ക്ക് നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഉടന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം.

ഒരു ട്യൂബ്, മൂക്കില്‍നിന്ന് സാമ്പിള്‍ ശേഖരിക്കാന്‍ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍ഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റിലുണ്ടാവുക. കോവിസെല്‍ഫിന്റെ ഏഴ് ലക്ഷം യൂണിറ്റ് ആഴ്ചയില്‍ ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ മരുന്നുകടകള്‍ക്ക് പുറമേ സര്‍ക്കാറിന്‍െ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ഫഌപ്പ്്കാര്‍ട്ടിലും കിറ്റ് ലഭ്യമാക്കും.

Top