ഇനി എഐ സഹായത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ ചിത്രങ്ങള്‍ വരക്കാം, കണ്ടെത്താം

ടെക്സ്റ്റ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചിത്രങ്ങള്‍ നിര്‍മിക്കുന്ന പുതിയ സെര്‍ച്ച് ജനറേറ്റീവ് എക്സ്പീരിയന്‍സ് (എസ്.ജി.ഇ)ടൂള്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിള്‍ റിസര്‍ച്ച് ലാബ്സ് പ്രോഗ്രാമിന്റെ ഭാഗമായി അവതരിപ്പിച്ച ഈ ഫീച്ചര്‍ ഇമേജന്‍ എഐ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഡാല്‍ഇ 3 മോഡല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ബിങ് ഇമേജ് ക്രിയേറ്ററിന് സമാനമാണിത്. മാര്‍ച്ചില്‍ അവതരിപ്പിച്ച ബിങ് ഇമേജ് ക്രിയേറ്റര്‍ ഇതിനകം ഉപഭോക്താക്കള്‍ക്കിടയില്‍ പ്രീതിപിടിച്ചുപറ്റിയിട്ടുണ്ട്.

കമ്പനിയുടെ വ്യവസ്ഥകള്‍ പാലിക്കാത്ത വിധമുള്ള ചിത്രങ്ങള്‍ ഇതുവഴി നിര്‍മിക്കാനാവില്ല. അപകടകരമായതും അനുചിതമായതുമായ ചിത്രങ്ങള്‍ നിര്‍മിക്കുന്നത് തടയുന്നതിന് ഗൂഗിളിന്റെ എസ്ജിഇ സംവിധാനത്തില്‍ ഒരുപാട് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.വ്യക്തികളുടെ യഥാര്‍ത്ഥമെന്ന് തോന്നുന്ന ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ ഇതില്‍ സാധിക്കില്ല. ഇങ്ങനെ നിര്‍മിക്കുന്ന ചിത്രങ്ങളിലെല്ലാം മെറ്റാഡാറ്റ ലേബലിങ് ഉണ്ടാവും. ഒപ്പം എഐ നിര്‍മിത ചിത്രമാണെന്ന് കാണിക്കുന്ന വാട്ടര്‍മാര്‍ക്കും നല്‍കും. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ടൂള്‍. ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ട് ആധുനിക എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് മേയില്‍ എസ്.ജി.ഇ അവതരിപ്പിച്ചത്. അന്ന് മുതല്‍ നിരവധി പുതിയ ഫീച്ചറുകള്‍ ഗൂഗിള്‍ ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഗൂഗിളിന്റെ എഐ ഇമേജ് ജനറേറ്റര്‍ ഉപയോഗിക്കുന്നതിന്…

ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ ആപ്പ് തുറക്കുക. ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ഇടത് വശത്ത് മുകളിലായുള്ള ലാബ്സ് ഐക്കണ്‍ ടാപ്പ് ചെയ്യുക. (ഫീച്ചര്‍ ലഭ്യമാണെങ്കില്‍ മാത്രമേ ഇത് കാണൂ)
അല്ലെങ്കില്‍ ഗൂഗിള്‍ ലാബ്സ് വെയ്റ്റ് ലിസ്റ്റില്‍ ജോയിന്‍ ചെയ്യുക.
ഫീച്ചര്‍ ലഭ്യമാണെങ്കില്‍ സെര്‍ച്ച് ജനറേറ്റീവ് എക്സ്പീരിയന്‍സ് ഓണ്‍ ചെയ്യുക.

Top