കോൺഗ്രസിൽ ഇപ്പോൾ യൂസ് ആന്റ് ത്രോ സംസ്കാരം: എം കെ രാഘവൻ

കോഴിക്കോട് : കോൺഗ്രസ് പാർട്ടിയെ നിശിതമായി വിമർശിച്ച് എം കെ രാഘവൻ എം പി. കോൺഗ്രസിൽ ഇപ്പോൾ ഉള്ളത് യൂസ് ആന്റ് ത്രോ സംസ്കാരമെന്നും ഈ രീതി മാറണമെന്നും രാഘവൻ പറഞ്ഞു. അഡ്വക്കേറ്റ് പി ശങ്കരൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം കെ രാഘവൻ. ഇന്ന് വിമർശനമോ വിയോജിപ്പോ ഒന്നും പറ്റാത്ത രീതിയിൽ സംഘടന മാറിയോ എന്നാണ് സംശയം. പുകഴ്ത്തൽ മാത്രമായി പാർട്ടിയിൽ എന്ന് ഭയപ്പെടുന്നു. സ്വന്തക്കാരുടെ ലിസ്റ്റ് ഉണ്ടാക്കുന്നതിന് അപ്പുറത്ത് അർഹരെ കൊണ്ടുവന്നില്ലെങ്കിൽ പാർട്ടിയുടെ ഗതിയെന്താവും. ഇന്നു ആരും രാജാവ് നഗ്നനാണ് എന്ന പറയാൻ തയ്യാറല്ല. സ്ഥാനമാനം നഷ്ടപ്പെടുമെന്ന പേരിൽ ആരും ഒന്നും പറയില്ല. ലീഗിൽ ഉൾപ്പെടെ ഉൾപാർട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചുവെന്നും എം കെ രാഘവൻ പറഞ്ഞു.

കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് വരും എന്ന് പ്രതീക്ഷിച്ചു. പട്ടിക ഒന്നിച്ച് പ്രഖ്യാപിക്കുന്ന രീതി ആയിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അതല്ല അവസ്ഥ. ഇതുവരെ കെപിസിസി ലിസ്റ്റ് വന്നിട്ടില്ല. എവിടെ ആണ് പാർട്ടിയെ തിരിച്ച് പിടിക്കേണ്ടത് എന്ന് നേതൃത്വം ചിന്തിക്കണം. വി എം സുധീരൻ കോൺഗ്രസിൽ അഭിപ്രായം തുറന്നു പറയാൻ മടിക്കാത്ത വ്യക്തിത്വമാണ്. പാർടിയുടെ ഗുണപരമായ മാറ്റത്തിന് നിലപാട് എടുത്ത് വ്യക്തിയാണ്. സംഘടനയുടെ ഗുണപരമായ വളർച്ചക്ക് സുധീരൻ്റെ അഭിപ്രായം വേണം. ധാർമികത ഉയർത്തിപ്പിടിക്കുന്ന ആൾ ആണ് അദ്ദേഹം. വി എം സുധീരനെ പോലെ ഉള്ള ആളുകൾ ഇന്നും പാർട്ടിയുടെ മാനുഷിക മുഖമാണ്. അദ്ദേഹം ഉൾപ്പെടെ ഉള്ള ആളുകൾ മുന്നോട്ട് വരണം. നിലപാട് ഉള്ളവർക്ക് മാത്രമേ ധാർമികയുള്ളൂ. നൈതികതയും മൂല്യവും ഉണ്ടെങ്കിൽ മാത്രമേ നിലപാട് എടുക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Top