ഇനി യു.എൻ പറയും കോവിഡിന് ‘വൻമതിൽ’ തീർത്ത കേരള ചരിത്രം ! !

കോവിഡ് ഇപ്പോഴും വലിയ ഭീഷണിയായാണ് രാജ്യത്ത് പടരുന്നത്. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് ആസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ശക്തമാക്കിയിരിക്കുകയാണ്. ഇതിനു പുറമെ ആഴ്ചാവസാനം 57 മണിക്കൂര്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലും സ്ഥിതി സ്‌ഫോടനാത്മകമാണ്. കോവിഡില്‍ വലിയ വര്‍ദ്ധനവാണ് ഇവിടെയും രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷമാണ് പിന്നിട്ടിരിക്കുന്നത്. 8000 ത്തോളം മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.03 ശതമാനമാണ്. ആദ്യഘട്ടത്തിനു ശേഷം രോഗബാധ നിരക്ക് താഴ്ന്നുനിന്ന ഡല്‍ഹിയില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി രോഗബാധ വര്‍ധിച്ചുവരുന്നത് പരക്കെ ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

രാജ്യത്ത് പൊതുവെ രോഗബാധ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് അഹമ്മദാബാദിലെയും ഡല്‍ഹിയിലെയും പുതിയ സാഹചര്യമെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടെ പ്രതികരണം ഏറെ പ്രസക്തമാണ്. ദുരന്ത ലഘൂകരണ രംഗത്തെ ഏറ്റവും നല്ല വിജയകഥകളില്‍ ഒന്നാണ് കേരളത്തിലേതെന്നാണ് മുരളി തുമ്മാരുകുടി സാക്ഷ്യപ്പെടുത്തുന്നത്. ലോകത്തെ മൊത്തം കേസുകളുടെ എണ്ണം 5.66 കോടി ആണ്. മരിച്ചവരുടെ എണ്ണമാകട്ടെ 13.56 ലക്ഷവുമാണ്. അതായത് മരണ ശതമാനം 2.39%. ഈ നിരക്കിലാണ് കേരളത്തില്‍ മരണം സംഭവിച്ചിരുന്നതെങ്കില്‍ കുറഞ്ഞത് 12,929 മരണം ഉണ്ടാകുമായിരുന്നു എന്നാണ് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കണക്കുകള്‍ നിരത്തി കേരളം കോവിഡിനെതിരേ നടത്തിയ പോരാട്ടത്തിന്റെ വിശദാംശങ്ങള്‍ യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ പങ്കുവെച്ചിരിക്കുന്നത്.

‘2020 ജനുവരി മുപ്പതാം തിയതിയാണ് കേരളത്തില്‍ ആദ്യത്തെ കൊറോണ കേസ് എത്തുന്നത്. രണ്ടു മാസം കഴിഞ്ഞ് മാര്‍ച്ച് 31ന് കേസുകളുടെ എണ്ണം 240ല്‍ എത്തി. രണ്ട് പേര്‍ മാത്രമാണ് അതുവരെ മരിച്ചിരുന്നത്. കേരളത്തില്‍ ആദ്യത്തെ കൊറോണ വന്ന സമയത്ത് കൊറോണ എത്തിയ മറ്റു പല നാടുകളിലും ഏപ്രില്‍ മാസം ആയപ്പോഴേക്കും കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. അക്കാലത്ത് ലോകത്തെ ശരാശരി മരണനിരക്ക് മൂന്ന് ശതമാനമായിരുന്നു. ചില രാജ്യങ്ങളില്‍ ഇത് പത്തു ശതമാനം വരെയായിട്ടുണ്ട്. ഇവിടെയും അങ്ങനെ വന്നിരുന്നെങ്കില്‍ മരണങ്ങളുടെ എണ്ണം മൂവായിരം തൊട്ട് പതിനായിരം വരെ ആകുമായിരുന്നുവെന്നാണ് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ ശരിയായ നടപടിയാണ് സ്വീകരിച്ചത്. കേസുകളുടെ എണ്ണം അതിവേഗത്തില്‍ കൂടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ആദ്യത്തെ ആയിരം കേസുകള്‍ എത്താന്‍ സമയം ഏറെയെടുത്തു. മെയ് 27 നാണ് ആയിരം കേസ് ആയിരുന്നത് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്ത് 126 ദിവസം കഴിഞ്ഞതിന് ശേഷമാണിത്. ഈ ഘട്ടത്തില്‍ ലോകത്തെ ആരോഗ്യ സംവിധാനം കൊറോണയെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി രോഗവ്യാപനം കുറയ്ക്കാന്‍ മാസ്‌കുകളുടെ ഉപയോഗവും വ്യാപകമാക്കി. കൊറോണയെ ആരോഗ്യ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ അറിവോടെയും ആത്മവിശ്വാസത്തോടെയും ആയി മാറുകയും ചെയ്തു. കൊറോണക്കേസുകള്‍ കേരളത്തില്‍ പതുക്കെപ്പതുക്കെയാണ് കൂടിയത്. ആയിരം പതിനായിരവും ലക്ഷവും കടന്ന് ഇന്നിപ്പോള്‍ 5,39,919 ആയി മാറിയിരിക്കുകയാണ്. ഇന്നലെ വരെയുള്ള പ്രതിദിന കേസുകളുടെ ഏഴു ദിവസത്തെ മൂവിങ്ങ് ആവറേജ് ആണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തില്‍ കൊറോണ ആദ്യത്തെ കുന്നു കയറി ഇറങ്ങിക്കഴിഞ്ഞെന്നാണ് മുരളി തുമ്മാരുകുടി പറയുന്നത്.

സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 1,943 ആണ്. മരണനിരക്ക് 0.36 ശതമാനം മാത്രമാണ്. അതേസമയം, ഇന്ന് ലോകത്തെ മൊത്തം കേസുകളുടെ എണ്ണം 56,648,418 ആണ്. മരിച്ചവരുടെ എണ്ണം 1,356,547 ഉം. അതായത് മരണ ശതമാനം 2.39%. വേള്‍ഡോ മീറ്ററെന്ന് വ്യക്തം. ഈ നിരക്കിലാണ് കേരളത്തില്‍ മരണം സംഭവിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ കുറഞ്ഞത് 12929 മരണം ഉണ്ടാകുമായിരുന്നെന്നും മുരളി തുമ്മാരുകുടി വ്യക്തമാക്കിയിട്ടുണ്ട്. ശരിയായ നയങ്ങളും ഇടപെടലുകളും വഴി ഇതുവരെ കേരള സര്‍ക്കാര്‍ രക്ഷിച്ചത് പതിനായിരത്തിന് മുകളില്‍ ജീവനുകളാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ‘ഈ രക്ഷിക്കപ്പെട്ടത് ആരുടെ ജീവനാണ് എന്ന് ആര്‍ക്കും അറിയില്ലെന്നും ഇനിയൊട്ട് അറിയാനും പോകുന്നില്ലെന്നും. അത് നിങ്ങളോ ഞാനോ ആകാമെന്നുമാണ് മുരളി തുമ്മാരുകുടി പറയുന്നത്.

ഇക്കാര്യം അറിയാത്തിടത്തോളം കാലം നമുക്കതില്‍ വലിയ അഭിമാനമോ അതിശയമോ ഇല്ല. സംഭവിക്കുമായിരുന്ന ആയിരക്കണക്കിന് മരണങ്ങള്‍ ഒഴിവാക്കിയത് തന്നെയാണ് നമ്മുടെ സര്‍ക്കാര്‍ കൊറോണ കൈകാര്യം ചെയ്തതിലെ ഏറ്റവും വലിയ വിജയമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ആരോഗ്യ വിദഗ്ദ്ധര്‍ ആരോഗ്യ കാര്യങ്ങളെ പറ്റി മാത്രം ചിന്തിക്കുമ്പോള്‍ ഒരു ഭരണാധികാരിക്ക് മറ്റുള്ള എല്ലാ വിഷയങ്ങളെ പറ്റിയും ചിന്തിക്കേണ്ടതായി വരും. പരീക്ഷകള്‍ നടത്തിയാല്‍ രോഗ വ്യാപനം കൂടാന്‍ സാധ്യതയുള്ളതുകൊണ്ട് അത് ഒഴിവാക്കുക എന്നതാകും ആരോഗ്യ വിദഗ്ദ്ധരുടെ ഉപദേശം. എന്നാല്‍ അവസാന വര്‍ഷ പരീക്ഷകളും എന്‍ട്രന്‍സ് പരീക്ഷകളും നടത്തിയില്ലെങ്കില്‍ കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുമെന്ന് മാത്രമല്ല കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക ആരോഗ്യത്തെ അത് മോശമായി ബാധിക്കുകയും ചെയ്യും. അപ്പോള്‍ ഇവ രണ്ടും കണക്കിലെടുത്തേ ഒരു ഭരണാധികാരിക്ക് തീരുമാനമെടുക്കാന്‍ സാധിക്കുകയൊള്ളൂ. അതാകട്ടെ എളുപ്പവുമല്ല, അല്പം റിസ്‌കും ഉണ്ട്.

അത്തരം അവസരങ്ങളില്‍ കാര്യങ്ങളെ മനസ്സിലാക്കി വേണ്ടത്ര റിസ്‌ക് എടുക്കുക എന്നതാണ് നല്ല ഭരണാധികാരികള്‍ ചെയ്യേണ്ടത്. അക്കാര്യങ്ങളെല്ലാം ഇവിടെ വേണ്ടപ്പോള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. തിരിഞ്ഞു നോക്കുമ്പോള്‍ അന്ന് എതിര്‍ത്തവര്‍ക്ക് പോലും ആ തീരുമാനങ്ങള്‍ ശരിയാണെന്ന് തോന്നിയതായും മുരളി തുമ്മാരുകുടി പറഞ്ഞു.ഈ കൊറോണക്കാലത്ത് കേരളത്തില്‍ തീര്‍ച്ചയായും നാം കണ്ടത് ‘whole of Government’ രീതിയുടെ ഉത്തമ മാതൃകയാണ്.

ആരോഗ്യം, പോലീസ്, റെവന്യൂ, തൊഴില്‍, സിവില്‍ സപ്പ്‌ളൈസ് തുടങ്ങിയ എല്ലാ വകുപ്പുകളും ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ എല്ലാ തലങ്ങളും ഒരുമിച്ച് ഒരേ ലക്ഷ്യത്തോടെ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കേരളത്തിന് ആയിരക്കണക്കിന് മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചതെന്നും’ യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഒന്നാന്തരം ഒരു മറുപടി കൂടിയാണ് ഈ പ്രതികരണം.

Top