ഇനി അത്ഭുതം സംഭവിക്കണം; ടൈറ്റനിലെ 5 പേര്‍ക്ക് ഇനി നിര്‍ണായക നിമിഷങ്ങള്‍

വാഷിങ്ടണ്‍: അറ്റ്ലാന്റികിന്റെ ആഴങ്ങളില്‍ മറഞ്ഞ ടൈറ്റനിലെ ഓക്സിജന്‍ തീരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത ആ ചെറിയ പേടകത്തില്‍ കുടുങ്ങിയ ആ അഞ്ചു ജീവനുകള്‍ രക്ഷപ്പെടാന്‍ അത്ഭുതം സംഭവിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍.

ഇനി ശേഷിക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ ടൈറ്റന്‍ കണ്ടെത്താനും അഞ്ചു പേരെ ജീവനോടെ പുറത്തെത്തിക്കാനും അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് ആഴക്കടല്‍ പര്യവേഷകനായ ഡോ. ഡേവിഡ് ഗാലോ വ്യക്തമാക്കി. അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ടൈറ്റന്റെ സഹപൈലറ്റിന്റെ ഉറ്റസുഹൃത്ത് കൂടിയായ ഗാലോ പറയുന്നു.

തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ശബ്ദങ്ങള്‍ സെന്‍സറുകള്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും പ്രതീക്ഷ കൈവിടുന്നില്ലെന്നും ഗാലോ പറയുന്നു. റോബോട്ടുകളെ ഉപയോഗിച്ച് ടൈറ്റന്‍ കണ്ടെത്താനുള്ള ശ്രമങ്ങളാണ് തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അടിയന്തരസാഹചര്യങ്ങളില്‍ 96 മണിക്കൂര്‍ വരെ ആവശ്യമായ ഓക്സിജന്‍ ടൈറ്റനിലുണ്ട്. എന്നാല്‍, കാണാതായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പേടകത്തിനുള്ളിലെ ഓക്സിജന്റെ അളവ് കുറയുകയാണ്. കഷ്ടിച്ച് രണ്ടു മണിക്കൂറത്തേക്ക് ആവശ്യമായ ഓക്സിജന്‍ മാത്രമാണ് പേടകത്തിനുള്ളില്‍ ഇനി ശേഷിക്കുന്നതെന്നാണ് വ്യാഴാഴ്ച ഉച്ചയുടെ പുറത്തുവന്ന വിവരം.

ഞായറാഴ്ച രാവിലെയാണ് പോളാര്‍ പ്രിന്‍സ് എന്ന കനേഡിയന്‍ കപ്പലില്‍നിന്ന് ഓഷ്യന്‍ ഗേറ്റ് എക്സ്പെഡീഷന്‍സ് കമ്പനിയുടെ ടൈറ്റന്‍ ജലപേടകം യാത്രക്കാരുമായി ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്ര ആരംഭിച്ചത്. സമുദ്രാന്തര്‍ഭാഗത്തേക്ക് ഊളിയിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ടൈറ്റനുമായുള്ള ബന്ധം പോളാര്‍ പ്രിന്‍സിന് നഷ്ടപ്പെടുകയായിരുന്നു.

കാനഡ, യു.എസ്., ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ മേഖലയില്‍ വ്യാപമായ തിരച്ചില്‍ പുരോഗമിക്കുകയാണ്. സമുദ്രത്തിനടിയില്‍ ടൈറ്റന്‍ അപ്രത്യക്ഷമായതിന് സമീപത്തുനിന്ന് ചൊവ്വാഴ്ച ശബ്ദതരംഗങ്ങള്‍ ലഭിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തെത്തിയത് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോഴും പേടകം എവിടെയെന്ന് കണ്ടെത്താനാകാത്തത് ആശങ്കയ്ക്കാണ് വഴിതെളിക്കുന്നത്.

ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താന്‍ വ്യവസായഭീമന്‍ ഷഹ്സാദാ ദാവൂദും മകന്‍ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റന്‍ പേടകത്തിനുള്ളത്. ഇതില്‍ സ്റ്റോക്ടണ്‍ റഷാണ് പേടകം നിയന്ത്രിക്കുന്നത്. പുറത്തുനിന്ന് മാത്രം തുറക്കാവുന്ന വിധത്തിലാണ് ടൈറ്റന്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. അതിനാല്‍ത്തന്നെ പേടകം കണ്ടെത്തുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കു മാത്രമേ അതിനുള്ളവരെ പുറത്തേക്ക് ഇറക്കാനാകൂ.

Top