നഗരത്തിന്റെ ദ്വീപുകളിലേക്കും ഇനി കൊച്ചി വാട്ടര്‍ മെട്രോ; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി, ഒപ്പം റിയല്‍ മഞ്ഞുമ്മല്‍ ബോയ്‌സും

കൊച്ചി : നഗരത്തിന്റെ ദ്വീപുകളിലേക്കും ഇനി കൊച്ചി വാട്ടര്‍ മെട്രോ. ഫോര്‍ട്ട് കൊച്ചി വാട്ടര്‍ മെട്രോ ടെര്‍മിനലിന്റെ ഉദ്ഘാടനവും ഉടനെ പ്രതീക്ഷിക്കാമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത നാല് വാട്ടര്‍മെട്രോ ടെര്‍മിനലുകളില്‍ നിന്നും നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി. ഏലൂരില്‍ നിന്നുള്ള കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ യാത്രയില്‍ ജനപ്രതിനിധികള്‍ക്കും മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയിലെ യഥാര്‍ത്ഥ നായകന്മാര്‍ക്കുമൊപ്പംമെന്നും മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

നാലു ടെര്‍മിനലുകള്‍ കൂടി മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചതോടെ ദ്വീപുകളിലെകുള്ള യാത്ര ദുരിതത്തിന് പരിഹാരം ആകുമെന്നാണ് പ്രതീക്ഷ. വാട്ടര്‍ മെട്രോ അടക്കം കേരളത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം അവരുടേത് എന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രചാരണം നടത്തുന്നു എന്ന് രൂക്ഷ വിമര്‍ശനമാണ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി ഉന്നയിച്ചത്.

കൊച്ചിയുടെ കായല്‍ സൗന്ദര്യം ഏറ്റവും തെളിഞ്ഞു നില്‍ക്കുന്ന ദ്വീപുകളിലെ കാഴ്ചകള്‍ ഇനി വാട്ടര്‍ മെട്രോയിലൂടെ കണ്‍ കുളിര്‍ക്കേ കാണാം. നഗര കുരുക്ക് പിന്നിട്ട് ബോട്ട് പിടിച്ചു വീടണയുന്ന ആധിക്കും ദ്വീപ് നിവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ ടെര്‍മിനലുകള്‍. മുളവുകാട് നോര്‍ത്ത്, സൌത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് ടെര്‍നമിനലുകള്‍ എത്തിയതോടെ വാട്ടര്‍ മെട്രോയ്ക്ക് രണ്ടു റൂട്ടുകള്‍ കൂടിയാണ് സജ്ജമായിട്ടുള്ളത്. 9 ടെര്‍മിനല്‍ 5 റൂട്ടുകള്‍ 13 ബോട്ടുകള്‍ എന്നിവയാണ് പുതിയതായി നാടിന് സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജര്‍മ്മന്‍ ഫണ്ടിങ് ഏജന്‍സിയില്‍ നിന്ന് വായ്പയെടുത്തുമാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ ക്രെഡിറ്റ് അടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം എന്നാണ് ചടങ്ങില്‍ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. 20 മുതല്‍ 40 രൂപ നിരക്കിലാകും ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. ഞായറാഴ്ചയാണ് പൊതുജനങ്ങള്‍ക്ക് ഈ റൂട്ടില്‍ യാത്രാ സര്‍വ്വീസ് തുടങ്ങുക.

Top