ഭിന്നതാല്‍പര്യം: കപില്‍ ദേവ് അടക്കമുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മുംബൈ: ബി.സി.സി.ഐ ഉപദേശക സമിതി അംഗങ്ങളായ മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ക്ക് ഭിന്നതാത്പര്യമുണ്ടെന്ന ആരോപണത്തില്‍ ബിസിസിഐ എത്തിക്‌സ് ഓഫീസര്‍ ഡി കെ ജെയിന്‍ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലെ ആജീവനാന്ത അംഗമായ സഞ്ജയ് ഗുപ്തയുടെ പരാതിയിലാണ് നോട്ടീസ്.

ബി.സി.സി.ഐ ഭരണഘടനയനുസരിച്ച് ഒരംഗത്തിന് ഒരേസമയം ഒന്നില്‍ കൂടുതല്‍ പദവികള്‍ വഹിക്കാനാവില്ല. എന്നാല്‍ ഉപദേശക സമിതി അംഗങ്ങള്‍ ഇത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ പദവികള്‍ വഹിക്കുന്നുണ്ടെന്നാണ് സഞ്ജീവ് ഗുപ്ത ആരോപിക്കുന്നത്.

ക്യാപ്റ്റന്‍ കപില്‍ ദേവ് ഉപദേശക സമിതി അംഗമാണെന്നതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ അംഗവും കമന്റേറ്ററും ഒരു ഫ്ളഡ് ലൈറ്റ് കമ്പനിയുടെ ഉടമയുമാണെന്ന് പരാതിയില്‍ പറയുന്നു. അതുപോലെ ഗെയ്ക്വാദിന് സ്വന്തമായി ക്രിക്കറ്റ് അക്കാദമിയുണ്ടെന്നും ബിസിസിഐ അഫിലിയേഷന്‍ കമ്മിറ്റിയില്‍ അംഗമാണെന്നുമാണ് ആരോപണം.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന ശാന്ത രംഗസ്വാമിക്ക് ഉപദേശക സമിതിയില്‍ അംഗമായിരിക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷനിലും അംഗത്വമുണ്ടെന്നും ഗുപ്ത ആരോപിക്കുന്നു.

ഒക്ടോബര്‍ പത്തിനു മുന്‍പ് പരാതിയില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഡി.കെ ജെയ്ന്‍ ഇവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. മുമ്പ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരോടും ഭിന്നതാല്‍പര്യ വിഷയത്തില്‍ ബിസിസിഐ എത്തിക്‌സ് ഓഫീസര്‍ വിശദീകരണം തേടിയിരുന്നു.

Top