തീപിടുത്ത മുന്നറിയിപ്പ്: ഇന്‍ഡിഗോ വിമാനം അടിയന്തരമായി ചെന്നൈയില്‍ ലാന്‍ഡ് ചെയ്തു

ചെന്നൈ: തീപിടുത്ത മുന്നറിയിപ്പിനെ തുടര്‍ന്ന് 160 യാത്രക്കാരുമായി കുവൈറ്റ് സിറ്റിയിലേയ്ക്ക് പുറപ്പെട്ട വിമാനം ചെന്നൈയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു.ഇന്റിഗോ6E1751 എന്ന വിമാനമാണ് തീപിടുത്ത മുന്നറിയിപ്പിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. എന്നാല്‍ വിമാനത്തിലെ സ്‌മോക് സെന്‍സറുകളുടെ തകരാര്‍ കാരണം തെറ്റായ തീപിടുത്ത സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് പിന്നീട് പരിശോധയില്‍ കണ്ടെത്തി.

പുലര്‍ച്ചെ ഒരു മണിക്കാണ് ഇന്റിഗോ 6E 1751 വിമാനം ചെന്നൈയില്‍ നിന്ന് കുവൈത്ത് സിറ്റിയിലേക്ക് പുറപ്പെട്ടത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ കാര്‍ഗോ സ്‌മോക് മുന്നറിയിപ്പ് സന്ദേശം പൈലറ്റുമാര്‍ക്ക് ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ അടിയന്തര സന്ദേശം നല്‍കി വിമാനം തിരിച്ചിറക്കി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ മുന്നറിയിപ്പ് തെറ്റായി ലഭിച്ചതാണെന്ന് തിരിച്ചറിഞ്ഞു.

കാര്‍ഗോയില്‍ യാത്രക്കാരുടെ ബാഗുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുകയോ തീപിടുത്തത്തിന്റെ മറ്റ് ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. വിശദ പരിശോധനയില്‍ വിമാനത്തിലെ രണ്ട് സ്‌മോക് സെന്‍സറുകള്‍ തകരാറിലാണെന്ന് കണ്ടെത്തി. പിന്നീട് ഡല്‍ഹിയില്‍ നിന്ന് നിന്ന് സ്‌പെയര്‍ പാര്‍ട്‌സ് എത്തിച്ച് തകരാര്‍ പരിഹരിച്ചു.

Top