കൊഹ്‌ലിക്ക് അമിതാവേശമാണെന്ന് തോന്നാം, പക്ഷെ അങ്ങനെയല്ല; ഓസീസ് ഇതിഹാസം

പെര്‍ത്ത്: ഓസിസിനെതിരെ പെര്‍ത്തില്‍ നടന്ന മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി അനേകം വിമര്‍ശനങ്ങളെ നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊഹ്‌ലിക്ക് പിന്തുണയുമായി ഒരു ഓസിസ് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഓസീസ് ബാറ്റിംഗ് ഇതിഹാസം അലന്‍ ബോര്‍ഡര്‍ ആണ് കൊഹ്‌ലിക്ക് പിന്തുണ നല്‍കിയത്.

കൊഹ്‌ലിയെപ്പോലെ വികാരങ്ങള്‍ മറച്ചുവെക്കാത്ത കളിക്കാരെ ക്രിക്കറ്റിന് ആവശ്യമാണെന്ന് ബോര്‍ഡര്‍ പറഞ്ഞു. ഒരു വിക്കറ്റെടുക്കുമ്പോള്‍ അത് ഇത്രമാത്രം ആവേശത്തോടെ ആഘോഷിക്കുന്ന മറ്റൊരു ക്യാപ്റ്റനെ കണ്ടിട്ടില്ലെന്നും ബോര്‍ഡര്‍ പറഞ്ഞു. കൊഹ്‌ലിയുടേത് പലപ്പോഴും അമിതാവേശമാണെന്ന് തോന്നാം. പക്ഷെ അത് നല്ലതാണ്. ഇതുപോലുള്ള താരങ്ങള്‍ സമകാലീന ക്രിക്കറ്റില്‍ അധികമില്ലെന്നും ബോര്‍ഡര്‍ പറഞ്ഞു. പ്രഫഷണര്‍ ക്രിക്കറ്റര്‍മാരുടെ കാലത്ത് കളിയെ ഇത്രമാത്രം ആവേശത്തോടെ ഉള്‍ക്കൊള്ളുന്ന താരങ്ങളും വേണം. ഇന്ത്യന്‍ ടീമിനെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ കൊഹ്‌ലി വിജയിച്ചു. എന്നാല്‍ ഒരു ക്യാപ്റ്റനെന്ന നിലയില്‍ വിദേശത്ത് നേടിയ വിജയങ്ങളാണ് എപ്പോഴും മികവിന്റെ അളവുകോലാകുകയെന്നും ബോര്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.

പെര്‍ത്ത് ടെസ്റ്റിനിടെ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നും കൊഹ്‌ലിയും പരസ്പരം പോരടിച്ചിരുന്നു. അന്ന് കൊഹ്‌ലിയുടെ സ്വഭാവ ദൂഷ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഓസീസ് മാധ്യമങ്ങളടക്കം അനവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ടെസ്റ്റിന് ശേഷം കൈ കൊടുക്കാന്‍ വന്ന പെയിനിനെ അവഗണിച്ചു എന്ന വിവാദവും അതിനിടയില്‍ ഉണ്ടായി.

Top