ഇനി കളത്തില്‍ കോണ്‍ഗ്രസിനെതിരെ ! പാര്‍ട്ടി പ്രഖ്യാപിച്ച് അമരിന്ദര്‍, ബിജെപിയുമായി ധാരണ

സൂറത്ത്: കോണ്‍ഗ്രസില്‍ നിന്നും പുറത്ത് ചാടിയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉടന്‍ പ്രഖ്യാപിക്കുമെന്ന് ക്യാപ്റ്റന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടി ചിഹ്നം അംഗീകരിക്കാന്‍ കാത്തിരിക്കുകയാണെന്നും ക്യാപ്റ്റന്‍ അറിയിച്ചു.

അതേസമയം, ബിജെപിയുമായി സഖ്യം ഉണ്ടാകും എന്ന് പറഞ്ഞിട്ടില്ലെന്നും, സീറ്റ് ധാരണയ്ക്ക് തയ്യാറെന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ, നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ താനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അവര്‍ പുതിയ പാര്‍ട്ടിയില്‍ എത്തുമെന്നും അമരീന്ദര്‍ സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

താന്‍ ഒറ്റക്കല്ലെന്ന് അമരീന്ദര്‍ സിങ് പറയുന്നു. 117 നിയമ സഭ സീറ്റുകളിലും തന്റെ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകും. സിദ്ദു എവിടെ മത്സരിച്ചാലും, നേരിടുമെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പ്രഖ്യാപനം വരുന്നത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും, കര്‍ഷകര്‍ക്ക് അനുകൂലമായി, കര്‍ഷക സമരത്തിന് പരിഹാരം കണ്ടെത്തിയാല്‍ ബിജെപിയുമായി സീറ്റ് പങ്കുവെക്കുന്ന കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അമരീന്ദര്‍ സിംഗ് അറിയിച്ചു.

ഭിന്നിച്ചുനില്‍ക്കുന്ന അകാലി ഗ്രൂപ്പുകളായ, ദിന്‍ഡ്സ, ബ്രഹ്‌മംപുര എന്നിവരുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് അമരീന്ദര്‍ സിങ് വ്യക്തമാക്കി. ക്യാപ്റ്റന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ് തുക്റാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Top