കൊച്ചിയിൽ ഇനി 5ജി; കോർപറേഷൻ പരിധിയിൽ ഇന്ന് വൈകീട്ട് മുതൽ സേവനം 

കൊച്ചി: റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾക്ക് കേരളത്തിൽ ഇന്ന് തുടക്കം. കൊച്ചി ന​ഗരത്തിലാണ് ഇന്ന് മുതൽ സേവനം ലഭിക്കുക. കൊച്ചി കോർപറേഷൻ പരിധിയിൽ ഇന്ന് വൈകീട്ട് മുതൽ സേവനം ലഭിച്ചു തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ സേവനം ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്.

റിലയൻസ് ജിയോ ആണ് 5 ജിയുമായി കേരളത്തിൽ ആദ്യമെത്തുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 5 ജി വിദ്യാഭ്യാസ, മെഡിക്കൽ, തൊഴിൽ മേഖലയിലടക്കം വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നതിൽ വിശദമായ അവതരണവും നടക്കും.

തിരഞ്ഞെടുത്ത മേഖലയിലെ തിരഞ്ഞെടുത്ത വ്യക്തികൾക്ക് വരുന്ന ഏതാനും ദിവസം ട്രയൽ റണ്ണായി ആണ് 5ജി കിട്ടുക. അതിന് ശേഷം കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് 5ജി എത്തും. 4ജിയേക്കാൾ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5ജിയിൽ പ്രതീക്ഷിക്കുന്നത്. നിലവിൽ 5ജി ഫോണുള്ളവർക്ക് കാര്യങ്ങൾ എളുപ്പമാണ്. ഫോണിലെ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ മതി. സിം കാർഡിൽ ഒരു മാറ്റവും വരുത്തേണ്ടതില്ല.

ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, ഡൽഹി,കൊൽക്കത്ത നഗരങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ശേഷം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഡിസംബർ അവസാനത്തോടെ, രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു.

Top