കൊവിഡ് വകഭേദങ്ങളെ തുരത്താന്‍ നോവാവാക്‌സ്; 93 ശതമാനം ഫലപ്രദം

വാഷിംഗ്ടണ്‍: കൊവിഡ് വകഭേദങ്ങളെ തുരത്താന്‍ അമേരിക്കന്‍ മരുന്ന് കമ്പനിയായ നോവാവാക്‌സിന്റെ പുതിയ കൊവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് വെളിപ്പെടുത്തല്‍. പുതിയ കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ 93 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തലെന്ന് കമ്പനി അറിയിച്ചു. ഇടത്തരം, ഗുരുതര രോഗബാധിതരില്‍ 100 ശതമാനം ഫലപ്രദവും ആകെ 90 ശതമാനം ഫലപ്രദവുമാണ് വാക്‌സിന്‍ എന്നാണ് വിവരം. മൂന്നാംഘട്ട പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നോവാവാക്‌സ് എന്‍വിഎക്‌സ്‌കോവ് 2373 എന്ന പുതിയ വാക്‌സിന്‍ 90.4 ശതമാനം ഫലപ്രാപ്തിയാണ് ആകെ പ്രകടിപ്പിച്ചത്. വലിയ രോഗമുളളവരില്‍ 100 ശതമാനം ഫലപ്രാപ്തിയുമുണ്ടായി. ഈ വര്‍ഷം മൂന്നാം പാദത്തില്‍ അംഗീകാരത്തിനായി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ സമീപിക്കാനാണ് കമ്പനി തീരുമാനം. മറ്റു വാക്‌സിനുകളെ പോലെ വളരെ കുറഞ്ഞ താപനിലയില്‍ നോവാവാക്‌സ് സൂക്ഷിക്കേണ്ടതില്ല എന്നതാണ് പ്രത്യേകത.

ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടാകും നോവാവാക്‌സ് നിര്‍മ്മിക്കുക. ഇത് ഇന്ത്യയിലെ വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലപ്രാപ്തി, സുരക്ഷ, രോഗപ്രതിരോധ ശേഷി എന്നിവ വിലയിരുത്തുന്ന പഠനത്തില്‍ യുഎസിലേയും മെക്‌സിക്കോയിലേയും 119 പ്രദേശങ്ങളലുള്ള 29,960 പേര്‍ പങ്കാളികളായെന്നും നോവവാക്‌സ് കൂട്ടിച്ചേര്‍ത്തു.

വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പ്രതിമാസം 100 മില്യണ്‍ ഡോസുകള്‍ ഉല്‍പാദിപ്പിക്കാനാണ് കമ്പനി തീരുമാനമെന്നും പ്രതിമാസം 150 മില്യണ്‍ ഡോസ് ഈ വര്‍ഷം അവസാനത്തോടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Top