നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണില്‍ കളിക്കും

ന്യൂയോര്‍ക്ക്: ഈ മാസം ആരംഭിക്കാനിരിക്കുന്ന യുഎസ് ഓപ്പണില്‍ കളിക്കുമെന്ന് സെര്‍ബിന്‍ സൂപ്പര്‍ താരവും നിലവിലെ ഒന്നാം നമ്പര്‍ താരവുമായ നൊവാക് ജോക്കോവിച്ച്. ട്വിറ്ററിലൂടെയാണ് ജോക്കോവിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഈ വര്‍ഷം നടക്കുന്ന വെസ്റ്റേണ്‍ ആന്റ് സൗത്തേണ്‍ ഓപ്പണും യുഎസ് ഓപ്പണും കളിക്കുമെന്ന കാര്യം സന്തോഷത്തോടെ ഞാന്‍ സ്ഥിരീകരിക്കുന്നുവെന്നാണ് ജോക്കോവിച്ച് ട്വിറ്ററില്‍ കുറിച്ചത്. 17 തവണ ഗ്രാന്റ്സ്ലാം കിരീടം ചൂടിയിട്ടുള്ള ജോക്കോവിച്ച് ഈ മാസം 15ന് ന്യൂയോര്‍ക്കില്‍ എത്തിച്ചേരും. ആഗസ്റ്റ് 31നാണ് യുഎസ് ഓപ്പണ്‍ ആരംഭിക്കുന്നത്.

എല്ലാ പ്രതിസന്ധികള്‍ക്കിടയില്‍ നിബന്ധനകളോടെ മത്സരിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണെങ്കിലും വീണ്ടും മത്സരിക്കുന്നതില്‍ ആവേശവാനാണെന്നും ജോക്കോവിച്ച് പറഞ്ഞു. താരങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി നിരവധി കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കോവിഡിന്റെ നിയമങ്ങളെക്കുറിച്ച് ഇപ്പോള്‍ ബോധവാനാണെന്നും ജോക്കോവിച്ച് പറഞ്ഞു.

പുതിയ സാഹചര്യത്തിനായി തയ്യാറാകാന്‍ കഠിന പരിശീലനം നടത്തുകയാണെന്നും പൂര്‍ണമായും രോഗമുക്തനായെന്ന് പരിശോധനയിലൂടെ മനസിലാക്കിയ ശേഷമാണ് ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്താന്‍ തയ്യാറെടുക്കുന്നതെന്നും ജോക്കോവിച്ച് വ്യക്തമാക്കി.

Top