‘കേരളത്തിന്റെ നൗഷാദ് ഇക്ക’: ആദ്യവില്‍പനയിലെ ഒരു ലക്ഷം ദുരിതാശ്വാസത്തിന്‌

പ്രളയദുരിത സമയത്ത് മാതൃകയായ നൗഷാദിനെ ആരും മറക്കില്ല, ദുരിതാശ്വാസ ക്യാംപിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി നടന്‍ രാജേഷ് ശര്‍മയും സംഘവും എത്തിയപ്പോള്‍ തന്റെ കടയിലെ സാധനങ്ങള്‍ മുഴുവന്‍ ദുരിതബാധിതര്‍ക്കായി വിട്ട് നല്‍കിയ നൗഷാദ് കേരളത്തിന്റെ അഭിമാനമാണ്. ഇപ്പോള്‍ പുതിയതായി നൗഷാദ് തുടങ്ങിയ കടയിലെ ആദ്യ വില്‍പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ്.

എറണാകുളം കളക്ടറുടെ ചേംബറിലെത്തിയാണ് നൗഷാദ് തുക കൈമാറിയത്. നൗഷാദിന്റെ മാതൃക പ്രളയ ദുരിതാശ്വാസ രംഗത്ത് സംസ്ഥാനമാകെ ഊര്‍ജം പകരുന്നതായിരുന്നെന്ന് കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.എറണാകുളത്തിന്റെ പുതിയ ഹീറോയാണ് നൗഷാദെന്ന് കളക്ടര്‍ സുഹാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഒന്നും കൊടുക്കുന്നില്ല എന്ന വ്യാഖ്യാനത്തിന് എറണാകുളം കേരളത്തിന് കാണിച്ചു കൊടുത്ത മാതൃകയാണ് നൗഷാദെന്നും സുഹാസ് പറഞ്ഞു.

ഇന്നലെ കൊച്ചി ബ്രോഡ് വേയില്‍ നൗഷാദ് പുതിയ കട ആരംഭിച്ചിരുന്നു. ‘നൗഷ്ദ് ഇക്കയുടെ കട’ എന്നാണ് കടയുടെ പേര്. വിദേശമലയാളിയായ അഫി അഹമ്മദ് ഒരു ലക്ഷം രൂപയുടെ ചെക്കുമായി എത്തി സാധനങ്ങള്‍ വാങ്ങി. ഈ തുകയാണ് നൗഷാദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്.

Top