കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം; പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കുടുംബം

തൃശ്ശൂര്‍: ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന് ആരോപണവുമായി കുടുംബം രംഗത്ത്. അന്വേഷണം എന്‍ഐഎക്ക് വിടണമെന്നും എസ്ഡിപിഐ നേതാക്കളുമായി അന്വേഷണസംഘത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

എസ്ഡിപിഐ നേതാക്കളുമായി ഒത്തുചേര്‍ന്ന് പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണ് . നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ കേസന്വേഷണം ഏല്‍പിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

നൗഷാദിനെ എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയിട്ട് മൂന്നാഴ്ച പിന്നിടുമ്പോള്‍ ഇരുപതിലേറെ പ്രതികളുള്ള കേസില്‍ ഇതുവരെ പിടിയിലായത് രണ്ട് പേര്‍ മാത്രമാണ്. ഈ സാഹചര്യത്തിലാണ് നൗഷാദിന്റെ കുടുംബം പൊലീസിനെതിരെ രംഗത്ത് വന്നത്.

പൊലീസിന്റെ കാര്യക്ഷമമല്ലാത്ത അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്നും കുടുംബം പറഞ്ഞു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഈ മാസം 27 ന് ഐ.ജി ഓഫിസിലേയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും .

ജൂലൈ 31നാണ് ചാവക്കാട് പുന്ന സെന്ററില്‍ വെച്ച് ബൈക്കുകളിലെത്തിയ സംഘം നൗഷാദിനെ വെട്ടിക്കൊന്നത്. നൗഷാദ് ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്.

Top