നോട്ടിംഗ്‌ഹാം സിറ്റിയെ പൂട്ടി; ആഴ്‌സണലിന് ശുഭരാത്രി

നോട്ടിംഗ്‌ഹാം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരില്‍ ആഴ്‌സണല്‍ വീണ്ടും ഒരുപടി മുന്നില്‍. നിര്‍ണായകമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി നോട്ടിംഗ്‌ഹാം ഫോറസ്റ്റിനോട് സമനില വഴങ്ങി. ആസ്റ്റണ്‍ വില്ലയ‌്‌‌ക്കെതിരെ എവേ ഗ്രൗണ്ടില്‍ 2-4ന്റെ തകര്‍പ്പന്‍ ജയം നേടിയതാണ് ആഴ്‌സണലിന് തുണയായത്. കഴിഞ്ഞ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റ ആഴ്‌സണല്‍ ആസ്റ്റണിനെതിരെ ഇഞ്ചുറിടൈമിലെ ഇരട്ട ഗോളില്‍ ആവേശ ജയം പിടിച്ചെടുക്കുകയായിരുന്നു. 90 മിനുറ്റുകളില്‍ ഇരു ടീമുകളും 2-2ന് തുല്യത പാലിച്ചപ്പോള്‍ 90+3-ാം മിനുറ്റില്‍ ജോര്‍ജീഞ്ഞോയുടെ ലോംഗ് റേഞ്ചര്‍ ആസ്റ്റണ്‍ ഗോളി എമി മാര്‍ട്ടിനസിന്റെ തലയില്‍ തട്ടി വലയിലെത്തി. പിന്നാലെ അവസാന വിസിലിന് തൊട്ടുമുമ്പ് മാര്‍ട്ടിനെല്ലി(90+8) കൗണ്ടര്‍ അറ്റാക്കിലൂടെ ആഴ്‌സണലിന് 2-4ന്റെ ജയം സമ്മാനിച്ചു.

കിക്കോഫായി അഞ്ചാം മിനുറ്റില്‍ ഓലീ വാറ്റ്‌കിന്‍സ് ആസ്റ്റണ്‍ വില്ലയെ മുന്നിലെത്തിച്ചപ്പോള്‍ 16-ാം മിനുറ്റില്‍ ബുക്കായോ സാക്കയിലൂടെ ആഴ്‌സണല്‍ തുല്യത പിടിച്ചിരുന്നു. എന്നാല്‍ ആദ്യപകുതിയില്‍ തന്നെ രണ്ടാം ഗോളും വഴങ്ങിയത് ആഴ്‌സണലിന് പ്രഹരമായി. 31-ാം മിനുറ്റില്‍ ഫിലിപ് കുട്ടീഞ്ഞോയാണ് ആസ്റ്റണിന് വീണ്ടും ലീഡ് സമ്മാനിച്ചത്. ഇതോടെ മത്സരം ആസ്റ്റണിന് അനുകൂലമായി 2-1ന് ഇടവേളയ്ക്ക് പിരിഞ്ഞു. ഇവിടെ നിന്ന് 61-ാം മിനുറ്റില്‍ ഷിന്‍ചെങ്കോയുടെ ഗോളില്‍ തുല്യത പിടിച്ച ശേഷമായിരുന്നു ഇഞ്ചുറിടൈമില്‍ ഇരട്ട ഗോളുമായി ആഴ്‌സണലിന്റെ വിസ്‌മയ തിരിച്ചുവരവ്.

മാഞ്ചസ്റ്റര്‍ സിറ്റിയും നോട്ടിംഗ്‌ഹാം ഫോറസ്റ്റും തമ്മിലുള്ള മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. 41-ാം മിനുറ്റില്‍ ബെര്‍ണാഡോ സില്‍വയുടെ ഗോളില്‍ നേടിയ ലീഡ് ഭൂരിഭാഗം സമയവും നിലനിര്‍ത്താന്‍ സിറ്റിക്കായെങ്കിലും നോട്ടിംഗ്‌ഹാമിനായി 84-ാം മിനുറ്റില്‍ ക്രിസ് വുഡ് വല ചലിപ്പിച്ചത് തിരിച്ചടിയാവുകയായിരുന്നു. ഇതോടെ കിരീടത്തിനായുള്ള പോരാട്ടത്തില്‍ ആഴ്‌സണല്‍ ഒരുപടി മുന്നിലെത്തി.

മൂന്ന് മിനുറ്റ് ഇഞ്ചുറിടൈമില്‍ വിജയഗോള്‍ നേടാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായില്ല. സമനിലയോടെ 24 കളികളില്‍ 52 പോയിന്റുമായി സിറ്റി രണ്ടാമതാണ്. ഒരു മത്സരം കുറവ് കളിച്ച് 54 പോയിന്റുള്ള ആഴ്‌സണല്‍ തലപ്പത്ത് തുടരും.

Top