യുദ്ധത്തിലും വെളിച്ചം കെട്ടില്ല; 2നൂറ്റാണ്ടിനിടെ ആദ്യമായി ക്രിസ്മസ് കുര്‍ബാന ഇല്ലാതെ നോട്രെ ഡാം കത്തീഡ്രല്‍

ണ്ട് ലോകമഹായുദ്ധങ്ങള്‍ നടക്കുമ്പോഴും ക്രിസ്മസ് ആഘോഷങ്ങള്‍ മുന്നോട്ട് കൊണ്ടുപോയ ചരിത്രമാണ് പാരീസിലെ നോട്രെ ഡാം കത്തീഡ്രലിനുള്ളത്. രക്തച്ചൊരിച്ചിന് ഇടയിലും പ്രതീക്ഷയുടെ ബിംബമായി കത്തീഡ്രല്‍ ഉയര്‍ന്നുനിന്നു. എന്നാല്‍ യുദ്ധമില്ലാത്ത സമാധാനപൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ ആദ്യമായി കത്തീഡ്രലില്‍ ഈ വര്‍ഷം മിഡ്‌നൈറ്റ് മാസ്സ് ഇല്ല.

രണ്ട് നൂറ്റാണ്ടുകള്‍ക്കിടെ ഇതാദ്യമായാണ് തീപിടുത്തത്തില്‍ കത്തിയമര്‍ന്ന കത്തീഡ്രലില്‍ ക്രിസ്മസ് കുര്‍ബാന തടസ്സപ്പെടുന്നത്. 855 വര്‍ഷം പഴക്കമുള്ള പാരീസിലെ കത്തീഡ്രല്‍ പുനരുദ്ധരിക്കാനുള്ള പരിശ്രമങ്ങളാണ് അധികൃതര്‍ നടത്തിവരുന്നത്. സര്‍വ്വീസും, പാട്ടും, പ്രാര്‍ത്ഥനയുമായി നോട്രെ ഡാമിന്റെ ചൈതന്യം നിലനിര്‍ത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.

ഒരു മൈല്‍ അകലെയുള്ള സെന്റ് ജെര്‍മന്‍ അലക്‌സൂറിയോസ് ഗോത്തിക് ചര്‍ച്ചിലാണ് പ്രശസ്തമായ രൂപവും, പ്രാര്‍ത്ഥനയും, ക്രിസ്മസ് ആഘോഷങ്ങളും നടക്കുക. ഏപ്രില്‍ 15നുണ്ടായ തീപിടുത്തത്തിലാണ് കത്തീഡ്രലിന്റെ മേല്‍ക്കൂരയും, സ്തൂപികയും കത്തിയമര്‍ന്നത്. ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ആദ്യമായാണ് കത്തീഡ്രലില്‍ അര്‍ദ്ധരാത്രി കുര്‍ബാന നടക്കാതെ പോകുന്നതെന്ന് റെക്ടര്‍ പാട്രിക് ഷോവറ്റ് പറഞ്ഞു.

ഒന്നാം ലോകമഹായുദ്ധത്തിന് ഇടയിലും ക്രിസ്മസ് സര്‍വ്വീസിന് ഇവിടെ മുടക്കം വന്നിട്ടില്ല. രണ്ടാം ലോകമഹായുദ്ധത്തിലും ഇത് തടസ്സം കൂടാതെ അരങ്ങേറി. ചുവരുകള്‍ക്ക് പുറത്ത് ക്രിസ്മസ് സര്‍വ്വീസ് നടക്കുന്ന നിമിഷവും ചരിത്രപരമാണെന്ന് റെക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Top