ഹൈവേയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരം മംഗലപുരം സ്വദേശി ബിനു പിടിയില്‍. ഹൈവേ കേന്ദ്രീകരിച്ച് വാഹനങ്ങളില്‍ മോഷണം നടത്തുന്ന ബിനുവിനെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.രാത്രി കാലങ്ങളില്‍ ഹൈവേയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നാണ് പ്രതി പണം തട്ടിയിരുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാനെത്തുന്ന ലോറികളില്‍ നിന്നാണ് ഇയാള്‍ സ്ഥിരമായി മോഷണം നടത്തിയിരുന്നത്.

ഡ്രൈവര്‍മാര്‍ ഹൈവേയില്‍ വാഹനം ഒതുക്കിയിട്ട് ഉറങ്ങുമ്പോള്‍ പിക്കപ്പ് വാനില്‍ പിന്തുടര്‍ന്നെത്തിയാണ് മോഷണം. പരാതികള്‍ തുടര്‍ച്ചയായി വന്നതോടെ ചാലക്കുടി ഡിവൈഎസ്പി രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം തമിഴ്‌നാട് സ്വദേശിയായ സൂര്യ പ്രകാശിന്റെ വാഹനത്തില്‍ നിന്നും ഒരു ലക്ഷം രൂപ ഇയാള്‍ കവര്‍ന്നിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഒരാള്‍ വാഹനത്തിനടുത്ത് വരുന്നതും പരിസരം നിരീക്ഷിച്ച ശേഷം വാഹനത്തില്‍ നിന്നും ഒരു പൊതിയെടുത്ത് പിക്കപ്പ് വാനില്‍ കയറിപ്പോകുന്നതും വ്യക്തമായിരുന്നു.ഇത് ബിനുവാണെന്ന് സ്ഥിരീകരിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഇയാള്‍ക്കെതിരെ മോഷണത്തിന് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി ലഹരിമരുന്ന് കടത്ത് കേസിലും ഇയാള്‍ പ്രതിയാണ്. ഇയാള്‍ക്കൊപ്പമുള്ള കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചിലിലാണ് പൊലീസ്.

Top