സജീവന്റെ മരണം; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നോട്ടിസ് അയക്കും

തിരുവനന്തപുരം: വടകര സജീവന്റെ മരണത്തിൽ എസ് ഐ എം നിജേഷ് ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് നോട്ടിസ് അയക്കാൻ അന്വേഷണ സംഘം. മൊഴി എടുക്കാൻ അന്വേഷണ സംഘത്തിന് മുമ്പിൽ ഉടൻ ഹാജരാകണമെന്ന് നിർദേശം നൽകി.പോലീസ് സ്റ്റേഷനിൽ നിന്നും ഹാർഡ് ഡിസ്ക് ഉൾപ്പടെ ഉള്ളവ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ആശുപത്രിയിൽ എത്തും മുൻപ് സജീവൻ മരിച്ചിരുന്നുവെന്ന് സജീവനെ ആദ്യം എത്തിച്ച വടകര സഹ. ആശുപത്രിയിലെ ഡോക്ടർ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.

സസ്പെൻഷനിലുള്ള എസ്.ഐ എം. നിജേഷ്, എഎസ്ഐ അരുൺകുമാർ, സി.പി.ഒ ഗിരീഷ് എന്നിവരെ ഇത് വരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാനായിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് വിവരം. ഹാജരായില്ലെങ്കിൽ എസ്‌ഐ ഉൾപ്പടെ ഉള്ളവർക്ക് സിആർപിസി 160 പ്രകാരം നോട്ടീസ് അയക്കാനാണ് നീക്കം.

വാഹനം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് സജീവനെ വടകര പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഈ മാസം 22ന് രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. വടകര സ്റ്റേഷൻ വളപ്പിൽ തന്നെയാണ് ഇയാൾ കുഴഞ്ഞുവീണത്. ഇയാൾ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സജീവനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ സജീവൻ മരിക്കുകയായിരുന്നു.

Top