അയ്യപ്പന്‍റെ പേരിൽ വോട്ട് ചോദിച്ചു, സുരേഷ് ഗോപിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്

തൃശ്ശൂർ: അയ്യപ്പന്‍റെ പേരിൽ വോട്ട് തേടിയതിന് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂർ ജില്ലാ കളക്ടർ ടിവി അനുപമ നോട്ടീസയച്ചു. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെര‌ഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം ലംഘിച്ചതിനാണ് നോട്ടീസ്. പെരുമാറ്റച്ചട്ടലംഘനമാണ് സുരേഷ് ഗോപി നടത്തിയതെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കി.

ഇന്നലെ സ്വരാജ് റൗണ്ടിൽ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിൻകാട് മൈതാനിയിൽ എൻഡിഎ നടത്തിയ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സുരേഷ് ഗോപി ശബരിമലയെ മുൻനിർത്തി വോട്ട് ചോദിക്കുന്നുവെന്ന് വോട്ടർമാരോട് പറഞ്ഞത്.

ശബരിമലയെ താന്‍ പ്രചാരണആയുധമാക്കുകയല്ല. പക്ഷേ കേരളത്തിലെ കുടുംബങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇതാണ് എന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു.

ശബരിമല തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കുന്നതിനായി ഉപയോ​ഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top