24 മണിക്കൂറിനകം സർക്കാർ വസതി ഒഴിയാൻ മെഹബൂബ മുഫ്തിക്ക് നോട്ടീസ്

ശ്രീനഗര്‍: മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയോട് സര്‍ക്കാരിന്റെ ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് ജമ്മുകശ്മീര്‍ ഭരണകൂടം. സൗത്ത് കശ്മീരിലെ അനന്ത്‌നഗറിലെ വസതി 24 മണിക്കൂറിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ശനിയാഴ്ച്ച നോട്ടീസ് കൈമാറിയത്. പകരം മുഫ്തിക്ക് ശ്രീനഗറില്‍ മറ്റൊരു ബംഗ്ലാവ് നല്‍കും.

ഒക്ടോബര്‍ 20 ന് ശ്രീനഗറിലെ ഫെയര്‍വ്യൂ വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ടും നോട്ടീസ് കൈമാറിയിരുന്നു. പിന്നാലെയാണ് പുതിയ നടപടി. സാധാരണ ഗതിയില്‍ മറ്റ് സംസ്ഥാനങ്ങളിലേത് പോലെ ജമ്മുകശ്മീരില്‍ മുഖ്യമന്ത്രിമാര്‍ കാലാവധി കഴിയുമ്പോഴോ ചുമതലയില്‍ നിന്നും പുറത്താക്കപ്പെടുമ്പോഴോ ഔദ്യോഗിക വസതി ഒഴിയേണ്ടതില്ല.

ജമ്മു കശ്മീന് നല്‍കുന്ന പ്രത്യേക പദവി 2019ല്‍ കേന്ദ്രം എടുത്തുകളഞ്ഞതിന് പിന്നാലെ എല്ലാ മുന്‍ മുഖ്യമന്ത്രിമാര്‍ക്കും ഉറപ്പുനല്‍കിയിരുന്ന ആജീവനാന്ത ആനുകൂല്യങ്ങള്‍ പിന്‍വലിച്ചിരുന്നു. 2020 ല്‍ മുന്‍ മുഖ്യമന്ത്രിമാരായിരുന്നു ഒമര്‍ അബ്ദുള്ള, ഗുലാം നബി ആസാദ് എന്നിവരും ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നിരുന്നു.

Top