സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് ലഖ്നൗ കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: വി.ഡി സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് ലക്നൗ സെഷന്‍സ് കോടതി. കഴിഞ്ഞ വര്‍ഷം ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് നടപടി.അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമര്‍പ്പിച്ച ഹരജിയിലാണ് ലഖ്നൗ സെഷന്‍സ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്.

സെക്ഷന്‍ 203 സിആര്‍പിസി പ്രകാരം ന്രിപേന്ദ്ര നല്‍കിയ പരാതി ജൂണില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ അംബരീഷ് കുമാര്‍ ശ്രീവാസ്തവ തള്ളിയിരുന്നു. ഇതുചോദ്യം ചെയ്ത് നല്‍കിയ അപ്പീലിലാണ് ലക്നൗ ജില്ലാ സെഷന്‍സ് ജഡ്ജി അശ്വിനി കുമാര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞ വര്‍ഷം നവംബറില്‍ സമൂഹത്തില്‍ വിദ്വേഷം പരത്തുക എന്ന ഉദ്ദേശ്യത്തോടെ സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സേവകനെന്ന് ആക്ഷേപിച്ചതായാണ് പരാതിയില്‍ പറയുന്നത്. സവര്‍ക്കരെ മഹാത്മാഗാന്ധി രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചിരുന്നെന്നും എന്നാല്‍ രാഹുല്‍തന്റെ പ്രസ്താവനയിലൂടെ സവര്‍ക്കറെ അപമാനിച്ച് സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു. കേസ് നവംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.

Top