ഷുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരിക്ക് നോട്ടീസ്

കണ്ണൂർ: ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. മാര്‍ച്ച് ഒന്നിന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ഹൈക്കോടതി നിര്‍ദ്ദേശിച്ച ജാമ്യവ്യവസ്ഥ ആകാശ് ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദം.  ജാമ്യ കാലയളവില്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന വ്യവസ്ഥ ലംഘിച്ചുവെന്ന് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളുടെ പരാതിയില്‍ മട്ടന്നൂര്‍, മുഴക്കുന്ന് പൊലീസ് സ്റ്റേഷനുകളില്‍ ആകാശിനെതിരെ കേസെടുത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആകാശിനെതിരായ സര്‍ക്കാര്‍ നീക്കം.

അതേസമയം സിപിഐഎം തില്ലങ്കേരിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആകാശ് തില്ലങ്കേരിക്കെതിരെ രംഗത്തെത്തി. ചുവപ്പ് തലയില്‍ കെട്ടിയാല്‍ കമ്മ്യൂണിസ്റ്റാവില്ലെന്നും മര്യാദയുണ്ടെങ്കില്‍ ആകാശ് പേരിനൊപ്പമുള്ള തില്ലങ്കേരി മാറ്റണമെന്നും എം.വി ജയരാജന്‍ പറഞ്ഞു.

തില്ലങ്കേരി രക്ത സാക്ഷികളുടെ മണ്ണാണ്. അവിഹിതമായ മാര്‍ഗത്തിലൂടെ പണമുണ്ടാക്കി ആളാകുന്നയാളാണ് ആകാശ്. സമ്പത്തിലൂടെ എന്തും ചെയ്യുമെന്ന ഹുങ്കാണ് അയാള്‍ക്ക്. ക്വട്ടേഷന്‍ സംഘത്തെ തില്ലങ്കേരി നാട് ഒരുമിച്ചെതിര്‍ക്കുകയാണ് വേണ്ടതെന്നും ജയരാജന്‍ പ്രതികരിച്ചു. രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും പാര്‍ട്ടി അനുഭാവികളുമാണ് പങ്കെടുക്കുന്നത്. പ്രാദേശികമായി ആകാശിനെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടെന്ന് നേതൃത്വം വിലയിരുത്തുന്നുണ്ട്.

Top