അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉദുമ എംഎല്‍എ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇത് സബ്മിഷനായി പരിഗണിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

കിഴക്കുംഭാഗം വാര്‍ഡിലെ ജിഎല്‍പി സ്‌കൂളിലെ പ്രിസൈഡിംഗ് ഓഫീസറായിരുന്ന കെ എല്‍ ശ്രീകുമാറിന്റെ വെളിപ്പടുത്തലാണ് അടിയന്തരപ്രമേയ നോട്ടീസായി പ്രതിപക്ഷം കൊണ്ടുവന്നത്. കള്ളവോട്ട് തടയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഉദുമ എംഎല്‍എ കുഞ്ഞുരാമന്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതാണ് എന്‍ എ നെല്ലിക്കുന്ന് ഉള്‍പ്പടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍ സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടത്.

എന്നാല്‍, ഇത് ഒരു മാസം മുമ്പ് നടന്ന സംഭവമാണ്, അടിയന്തരപ്രാധാന്യമില്ല, മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലിരിക്കുന്ന വിഷയമായതുകൊണ്ട് ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. സബ്മിഷനായി ഈ വിഷയം ഉന്നയിക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു സ്പീക്കറുടെ നിലപാട്.

കഴിഞ്ഞ ഒമ്പതാം തീയതിയാണ് ഇക്കാര്യം ശ്രീകുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയതെന്ന് കെ സി ജോസഫ് പറഞ്ഞു. അതുകൊണ്ട് തന്നെ അടിയന്തരപ്രധാന്യമുള്ളതാണെന്ന ഉറച്ച നിലപാടും പ്രതിപക്ഷം സ്വീകരിച്ചു. എന്നാല്‍, മറ്റ് കാര്യപരിപാടികളിലേക്ക് സ്പീക്കര്‍ കടന്നു. ഇതിനിടെ ഭരണപക്ഷത്തുള്ള എസ് ശര്‍മ്മ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമെന്ന് ആക്ഷേപമുന്നയിക്കുകയും ചെയ്തു. അതിനിടയിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലേക്ക് ഇറങ്ങിവന്നത്. സഭ അല്‍പനേരം തടസ്സപ്പെടുകയും പിന്നീട് പ്രതിപക്ഷം ഇറങ്ങി പോവുകയുമായിരുന്നു.

Top