ലോകയുക്ത; പി രാജീവ്, കോടിയേരി എന്നിവര്‍ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവന നടത്തിയ നിയമ മന്ത്രി പി രാജീവ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.

മന്ത്രിയുടെ പ്രസ്താവനയും കോടിയേരിയുടെ ലേഖനവും ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിയമസഭ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.

ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവനയിലാണ് നോട്ടീസ്. ലോകായുക്ത നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ഭരണ ഘടന വിരുദ്ധമാണെന്ന ഒരു വിധി കോടതികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നിരിക്കെ, പ്രസ്തുത നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന രീതിയില്‍ മന്ത്രി പി രാജീവ് 25.01.2022, 26.01.2022 തീയതികളില്‍ മാധ്യമങ്ങളോട് പൊതു പ്രസ്താവന നടത്തിയത് നിയമ സഭയോടുള്ള കടുത്ത അവഹേളനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്.

സമാനരീതിയിലുള്ള വാദഗതികള്‍ ഉന്നയിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 28.1.22ലെ ദേശാഭിമാനി ദിനപത്രത്തില്‍ ലേഖനവും എഴുതിയിട്ടുണ്ട്.

Top