മന്ത്രി ജി. സുധാകരനെതിരെ എം. ഉമ്മറിന്റെ അവകാശ ലംഘന നോട്ടീസ്

sudhakaran

തിരുവനന്തപുരം: മന്ത്രി ജി.സുധാകരനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. എം ഉമ്മറാണ് സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്. നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വേ പദ്ധതിയുമായി ബന്ധപ്പെട്ട ഉപക്ഷേപത്തിന് വസ്തുതാവിരുദ്ധമായ മറുപടി നല്‍കി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അവകാശലംഘന നോട്ടീസ് നല്‍കിയത്.

നിലമ്പൂര്‍ നഞ്ചന്‍കോട് പാത യാഥാര്‍ത്ഥ്യമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ എതിരാണെന്നാണ് മന്ത്രി സഭയില്‍ അറിയിച്ചത്. എന്നാല്‍ കര്‍ണാടക വനമേഖലയില്‍ പാത നിര്‍മിക്കാനുള്ള സാദ്ധ്യതാ പഠനത്തിന്റെ ഭാഗമായി 2017 മാര്‍ച്ച് 17ന് ബംഗളൂരുവില്‍ നടന്ന കേരള, കര്‍ണാടക സര്‍ക്കാരുകളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ കര്‍ണാടക സര്‍ക്കാരിനുണ്ടായിരുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇ. ശ്രീധരന് സാധിച്ചിട്ടുണ്ട്. തുടര്‍ന്ന് കര്‍ണാടക വനമേഖലയില്‍ പാതയുടെ സര്‍വേ നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് കഴിഞ്ഞ നവംബര്‍ 8ന് കര്‍ണാടക സര്‍ക്കാര്‍ കേരള സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

വനമേഖലയിലൂടെ ഭൂഗര്‍ഭ പാതയാണെങ്കില്‍ വനനിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള സര്‍വേക്ക് അനുമതി നല്‍കാവുന്നതാണെന്നാണ് കര്‍ണാടകസര്‍ക്കാര്‍ വ്യക്തമാക്കിയത്. ഔദ്യോഗികതലത്തില്‍ ഈ വസ്തുതകളുണ്ടായിട്ടും കര്‍ണാടകസര്‍ക്കാര്‍ വനമേഖലയില്‍ റെയില്‍പാതയ്ക്ക് അനുമതി നല്‍കാത്തത് കൊണ്ടാണ് സര്‍വേക്കനുവദിച്ച രണ്ട് കോടി രൂപ ഡി.എം.ആര്‍.സിക്ക് നല്‍കാത്തതെന്ന് മന്ത്രി ബോധപൂര്‍വ്വം സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ഉമ്മര്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

Top