മരണനിരക്ക് മറച്ചുവെച്ചിട്ട് എന്ത് നേടാന്‍? ആരോപണങ്ങള്‍ തള്ളി തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങള്‍ പൂഴ്ത്തുന്ന ആരോപണങ്ങള്‍ തള്ളി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നതിലൂടെ ഒന്നും നേടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഒരാള്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടാല്‍ അത് എല്ലാവരും അറിയും. ആ വിവരം രഹസ്യമാക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിടുന്നത്. മരണം രഹസ്യമാക്കി വെക്കുന്നതിലൂടെ സര്‍ക്കാരിന് ഒന്നും നേടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തുതന്നെ ഏറ്റവും കുറവ് മരണനിരക്കുള്ള സംസ്ഥാനമാണ് തമിഴ്നാട്. സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സമൂഹവ്യാപനം ഉണ്ടായിട്ടില്ല. ഒട്ടുമിക്ക ജില്ലകളിലും കോവിഡ് കേസുകളില്‍ കുറവ് വന്നിട്ടുണ്ട്. ചെന്നൈയില്‍ ജനസാന്ദ്രത കൂടിയതിനാലാണ് രോഗവ്യാപനം കൂടുതലെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ കോര്‍പ്പറേഷന്റെ മരണ റജിസ്ട്രിയില്‍ രേഖപ്പെടുത്തിയ 236 മരണങ്ങള്‍ സംസ്ഥാനത്തിന്റെ കോവിഡ് കണക്കുകളിലില്ല എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.ചെന്നൈയിലെ സ്റ്റാന്‍ലി, കില്‍പോക് മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ഇതുവരെ സര്‍ക്കാര്‍ കണക്കില്‍ ഔദ്യോഗികമായി ചേര്‍ത്തിട്ടില്ല എന്നായിരുന്നു ആരോപണം. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആരോഗ്യ വകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Top