‘നുണുക്കുവിദ്യകൊണ്ട് ഒന്നും തടയാനാവില്ല’; ഇ.ഡിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇ.ഡി നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നുണുക്കുവിദ്യകൊണ്ട് ഒന്നും തടയാനാവില്ല. നാട് വികസിക്കരുതെന്ന് ചിന്തിക്കുന്ന ഒരുകൂട്ടര്‍ വന്നിട്ടുണ്ട്. നാടിന്റെ വികസനത്തിന് വിവിധ രീതിയിലാണ് കിഫ്ബി പണം ഉപയോഗിക്കുന്നത്’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ധനുവച്ചപുരം ഇന്റര്‍നാഷണല്‍ ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ അഭിമാന പദ്ധതികളായാണ് ഒരുഭാഗത്ത് മലയോര ഹൈവേയും ഒരു ഭാഗത്ത് തീരദേശ ഹൈവേയും വരുന്നത്. കിഫ്ബിയാണ് ആ പണവും കൊടുക്കുന്നത്. നാട് നന്നാവാന്‍ പാടില്ലെന്ന് ചിന്തിക്കുന്നവര്‍ എങ്ങനെയെങ്കിലും ഇതിലെല്ലാം തുരങ്കംവെയ്ക്കാന്‍ നോക്കും. വികസനത്തെ എതിര്‍ക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്നും അദ്ദേഹം വിമർശിച്ചു.

കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇ.ഡി. നിലപാട്. ഇതില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസകിന് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.

Top