Note issue-political-parties-can-turn-in-old-notes-without-tax-scrutiny

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇളവ് നല്‍കി കേന്ദ്രം.സംഭാവനയായി ലഭിച്ച പണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി ഇല്ലാതെ മാറ്റി വാങ്ങുന്നതിനാണ് ധനകാര്യമന്ത്രാലയം അനുമതി നല്‍കിയത്.

രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ മുഖ്യപങ്ക് വഹിക്കുന്നത് കള്ളപ്പണമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഈ നിലപാടുകളെ പാടെതള്ളിയാണ് പാര്‍ട്ടികള്‍ക്ക് തങ്ങളുടെ കൈവശമുള്ള പണം മാറ്റി വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ക്ക് നികുതിയില്ലെന്ന നിയമത്തിന്റെ മറവിലാണ് അസാധുനോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള പാര്‍ട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്നത്.

വ്യക്തിഗത അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ കണക്കുകള്‍ ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ക്ക് ഇതില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറയുന്നു.

അതേസമയം ആവശ്യമെങ്കില്‍ ബന്ധപ്പെട്ട നേതാക്കളെ വിളിച്ചു വരുത്തി സംഭാവന നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ എത്ര വലിയ തുക സംഭാവനയായി ലഭിച്ചാലും അതെല്ലാം 20,000ത്തിന് താഴെയുള്ള ചെറുസംഭാവനകളാക്കി കാണിക്കുന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പതിവ്. 20,000 രൂപ വരെയുള്ള സംഭാവനകളുടെ കണക്കുകള്‍ സൂക്ഷിക്കേണ്ടതില്ല എന്നതിനാലാണ് പാര്‍ട്ടികള്‍ ഇത്തരമൊരു തന്ത്രം പ്രയോഗിക്കുന്നത്.

നവംബര്‍ എട്ടിന് നോട്ടുകള്‍ അസാധുവാക്കിയതോടെ രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൈവശമുള്ള ആയിരകണക്കിന് കോടി രൂപയാണ് അസാധുവാക്കപ്പെട്ടത്.

അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധാരണക്കാര്‍ ദുരിതം അനുഭവിക്കുന്ന സമയത്താണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കുന്നതെന്ന് വിവിധ കോണുകളില്‍ നിന്ന് ഇതിനകം തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Top