note ban-parliament session begins today

ന്യൂഡല്‍ഹി: രാജ്യത്ത്‌ നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ക്ക് പ്രതിപക്ഷവുമായി എല്ലാ വിഷയത്തിലും തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ സഹകരണം ആവശ്യമാണെന്നും മോദി വ്യക്തമാക്കി.

സര്‍ക്കാര്‍ നടപടികള്‍ രാജ്യനന്മയ്ക്കുവേണ്ടിയാണെന്നുപറഞ്ഞ പ്രധാനമന്ത്രി, പ്രതിപക്ഷത്തിന്റെ പിന്തുണയ്ക്കു നന്ദിയും അറിയിച്ചു. ജിഎസ്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനുകൂല സമീപനം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് മോദിയുടെ ഈ പ്രസ്താവന.

സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിച്ചില്ലെങ്കില്‍ സമ്മേളനം പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്നാണു പ്രതിപക്ഷ ഭീഷണി. ജനങ്ങളുടെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാക്കളും മുഖ്യമന്ത്രിമാരും ഇന്നു രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും.

നോട്ട് അസാധുവാക്കിയ നടപടിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധമാണു ശീതകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി.

നടപടി ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ആദ്യ നാലു ദിവസങ്ങളിലും നോട്ട് പ്രതിസന്ധിയുടെ പേരില്‍ സഭ പ്രക്ഷുബ്ധമാകും.

സര്‍ക്കാര്‍ നടപടി സാധാരണക്കാരെ വലച്ചെന്നും തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മമതാ ബാനര്‍ജി, അരവിന്ദ് കെജരിവാള്‍ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുകയും രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്യും.

Top