note ban-national human right commission notice

ന്യൂഡല്‍ഹി: ബദല്‍ സംവിധാനങ്ങളൊരുക്കാതെ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്ന പരാതിയില്‍ കേന്ദ്ര സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു.

പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. പരാതിയില്‍ രണ്ടുമാസത്തിനകം ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

ആരോഗ്യ നിയമ സംരക്ഷണ പ്രതികരണവേദി ചെയര്‍മാനും പൊതുപ്രവര്‍ത്തകനുമായ പി.കെ.രാജുവിന്റെ പരാതിയിലാണ് നോട്ടീസ്.

ജനസംഖ്യയില്‍ പകുതിയിലേറെപ്പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്ലാത്ത രാജ്യത്ത് നോട്ട് പിന്‍വലിക്കല്‍ സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു. പാടുപെട്ടുണ്ടാക്കിയ പണം തിരിച്ചെടുക്കാന്‍ സര്‍ക്കാരിനോട് യാചിക്കേണ്ടിവന്നു.

ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ക്യൂനിന്ന് കേരളത്തില്‍ 47 പേരാണ് മരിച്ചത്. അത്യാവശ്യത്തിനുപോലും പണമെടുക്കാനാവാതെ സാധാരണക്കാരന്റെ മക്കളുടെ വിവാഹം മുടങ്ങി. ചികിത്സ നടത്താനാവാത്ത സാഹചര്യമുണ്ടായെന്നും പരാതിയില്‍ പി. കെ. രാജു പറയുന്നു.

Top