note ban-modi against congress

ലക്‌നോ: നോട്ട് പിന്‍വലിക്കലില്‍ കോണ്‍ഗ്രസ് നിലപാട് വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. നോട്ട് മാറ്റം പിന്‍വലിക്കണോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

തീരുമാനത്തെ ആദ്യം അനുകൂലിച്ചവര്‍ ഇപ്പോള്‍ പിന്നില്‍ നിന്നും കുത്തുകയാണ്. അടിയന്തരാവസ്ഥ രാജ്യത്ത് ഏര്‍പ്പെടുത്തിയവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നും മോദി പറഞ്ഞു.

ഇന്ത്യയിലെ പാവങ്ങളുടെ പണം കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ല. നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് ശേഷവും പാവങ്ങള്‍ നന്നായി ഉറങ്ങുന്നുണ്ട്. കള്ളപ്പണക്കാര്‍ക്കാണ് ഉറക്ക ഗുളിക ആവശ്യമായിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

500, 1,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് തനിക്ക് അറിയാം. രാജ്യത്തെ അഴിമതി അവസാനിപ്പിക്കുമെന്ന് തന്റെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഇതിനായി 50 ദിവസത്തെ സമയം മാത്രമാണ് താന്‍ ചോദിക്കുന്നത്.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, താങ്കളുടെ കുടുംബവും പാര്‍ട്ടിയും എന്നെ അപമാനിച്ചു. എങ്കിലും താങ്കളുടെ കാലത്തെ പൂര്‍ത്തിയാകാത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

നമ്മുടെ അയല്‍ക്കാര്‍ വ്യാജ നോട്ടുകള്‍ വിപണിയില്‍ എത്തിച്ച് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് തടയാന്‍ കഴിഞ്ഞെങ്കിലേ മുന്നോട്ടുപോകാന്‍ കഴിയൂ എന്നും ഇതിനായുള്ള നടപടികള്‍ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top