note ban-ldf-udf

തിരുവനന്തപുരപം: കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം.

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തിരുമാനമായത്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഏതൊരു ശ്രമത്തേയും ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ഏത് തീരുമാനത്തിനും ശക്തമായ പിന്തുണ നല്‍കും. സര്‍ക്കാരുമായി യോജിച്ച പ്രക്ഷോഭത്തിന് യു.ഡി.എഫ് തയ്യാറാണ്. ഏത് തരത്തിലുള്ള സമരം വേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് 21ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. അന്ന് സര്‍ക്കാരിനെ നിലപാട് അറിയിക്കും. സഹകരണ മേഖലയുടെ സംരക്ഷണത്തിനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രി തോമസ് ഐസക്കിനും കൈമാറിയിട്ടുണ്ട്.

ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഇരുവരും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നോട്ട് നിരോധനം സംബന്ധിച്ച പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് അടിയന്തരമായി നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നും പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കുന്നതിനായി സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Top