Not Without Pak: China Toughens Stand On India In Nuke Club NSG

വിയന്ന: ഇന്ത്യയുടെ എന്‍.എസ്.ജി (ന്യൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പ്) അംഗത്വം സംബന്ധിച്ച എതിര്‍പ്പ് ഉയര്‍ത്തിയിരുന്ന ചൈന ഒഴികെയുള്ളള്ള രാജ്യങ്ങള്‍ നിലപാട് മയപ്പെടുത്തുന്നതായി സൂചന. ആണവദാതാക്കളുടെ ഗ്രൂപ്പായ എന്‍.എസ്.ജിയിലേയ്ക്കുള്ള ഇന്ത്യയുടെ പ്രവേശനത്ത അനുകൂലിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. എന്നാല്‍ ചൈന മുന്‍ നിലപാട് തുടരുകയാണ്.

ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടാതെ ഇന്ത്യക്ക് അംഗത്വം നല്‍കരുതെന്ന നിലപാടിലാണ് ചൈന. ഇന്ത്യയ്ക്ക് അംഗത്വം നല്‍കുകയാണെങ്കില്‍ പാകിസ്ഥാനും നല്‍കണം എന്ന് ചൈന ആവശ്യപ്പെട്ടിരുന്നു.

ആണവനിര്‍വ്യാപന കരാര്‍ (എന്‍.പി.ടി) എന്‍.എസ്.ജിയെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്തതാണെന്ന് ചൈന ആവര്‍ത്തിച്ചു. ചൈനയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, ന്യൂസീലാന്റ്, തുര്‍ക്കി, അയര്‍ലന്റ്. ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഈ രാജ്യങ്ങള്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങളെ കൂടി ഉള്‍ക്കൊള്ളിക്കാന്‍ ഗ്രൂപ്പിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഇവര്‍ ഉയര്‍ത്തുന്നു. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് എന്‍.എസ്.ജിയില്‍ അംഗത്വം നല്‍കുന്നത് ആഗോള ആണവനിര്‍വ്യാപന ശ്രമങ്ങളെ തളര്‍ത്തുമെന്ന ആശങ്ക എതിര്‍പ്പുയര്‍ത്തിയിരുന്ന രാജ്യങ്ങള്‍ക്കുണ്ട്.

അതേസമയം ഇന്ത്യയ്ക്ക് പ്രവേശനം നല്‍കുന്നതില്‍ നിലപാട് മയപ്പെടുത്തിയ രാജ്യങ്ങള്‍ പാകിസ്ഥാന് പ്രവേശനം നല്‍കുന്നതിനോട് യോജിക്കുന്നില്ല. ആണവരഹസ്യങ്ങള്‍ ഇറാന്‍, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ പാരമ്പര്യമാണ് പാകിസ്ഥാനുള്ളതെന്നും നിരുത്തരവാദപരമായ സമീപനം പുലര്‍ത്തുന്ന അവര്‍ക്ക് ആണവഗ്രൂപ്പില്‍ ഇടം നല്‍കരുതെന്നുമാണ് ന്യൂസിലാന്റ് അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്.

ആണവ വ്യാപാരം ലക്ഷ്യമിട്ട് 1974ലാണ് എന്‍.എസ്.ജി രൂപീകരിച്ചത്. ആയുധങ്ങള്‍ നിര്‍മ്മിക്കാനാവശ്യമായ സാമഗ്രികളുടെ വില്‍പ്പന നിയന്ത്രിച്ച് ആണവായുധ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് എന്‍.എസ്.ജി രൂപീകരിച്ചത്. 1974ല്‍ പൊഖ്‌റാനില്‍ ഇന്ത്യ നടത്തിയ ആദ്യ അണുപരീക്ഷണത്തോടുള്ള പ്രതികരണമായിട്ടായിരുന്നു ഇതെന്നാണ് ശ്രദ്ധേയം.

നിലവില്‍ 48 രാജ്യങ്ങളാണ് എന്‍.എസ്.ജി അംഗങ്ങളായിട്ടുള്ളത്. അംഗമല്ലെങ്കില്‍ പോലും അംഗത്വത്തിന് സമാനമായ ആനുകൂല്യങ്ങള്‍ 2008ല്‍ അമേരിക്കയുമായി ഒപ്പു വച്ച ആണവകരാറിലൂടെ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. അംഗരാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്കായി എന്‍.എസ്.ജി ചട്ടങ്ങളില്‍ ഇന്ത്യക്ക് ഇളവ് ലഭിച്ചു.

Top