ഭാഗ്യംകൊണ്ടല്ല ; കുട്ടി രക്ഷപ്പെട്ടത് എമര്‍ജന്‍സി ബ്രേക്ക് സംവിധാനം മൂലം

സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ യാത്രക്കാര്‍ക്കു മാത്രമല്ല റോഡിലെ കാല്‍നട യാത്രക്കാര്‍ക്കും സുരക്ഷിതത്വം നല്‍കുന്നുണ്ട്.

വോള്‍വോ ട്രക്ക് ഒരു കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

വോള്‍വോ എഫ്എച്ച് സീരിസ് ട്രക്കിന്റെ എമര്‍ജെന്‍സി ബ്രേക്കിങ് സിസ്റ്റത്തിന്റെ കഴിവ് തെളിയിക്കാന്‍ വോള്‍വോ തന്നെ ധാരാളം വിഡിയോ പുറത്തിറക്കിയിട്ടുണ്ട്.

എന്നാല്‍ അത്തരം പരസ്യ വീഡിയോകളെ മറികടക്കുന്ന പ്രകടനമാണ് വോള്‍വോ കാഴ്ചവച്ചിരിക്കുന്നത്.

ബസില്‍ നിന്ന് ഇറങ്ങി റോഡിലേക്ക് ഓടിയ കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടല്ല മറിച്ച് വോള്‍വോയുടെ ബ്രേക്കിങ് കാര്യക്ഷമത മൂലമാണെന്നു പറയേണ്ടിവരും.

ബസിന്റെ പുറകിലൂടെ വാഹനങ്ങള്‍ നോക്കാതെ റോഡ് ക്രോസ് ചെയ്‌തോടുന്ന കുട്ടി ട്രക്കിനടിയില്‍പെട്ടു എന്നാണ് കരുതുന്നതെങ്കിലും ഒരു പോറല്‍ പോലും ഏല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു.

വോള്‍വോ എഫ്എച്ച് സീരീസ് ഹെവി ട്രക്കുകളിലുടെ അവതരിപ്പിച്ച സുരക്ഷ സംവിധാനമായ എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റമാണ് വാഹനത്തിന്റെ പ്രത്യേകത.

മുന്‍പിലുള്ള വാഹനത്തിന്റെ വേഗത, അവ തമ്മിലുള്ള ദൂരം എന്നിവ പ്രത്യേക കംമ്പ്യൂട്ടര്‍ സംവിധാനം മനസിലാക്കുന്നു.

പ്രതിബന്ധങ്ങള്‍ തിരിച്ചറിഞ്ഞ് ഡ്രൈവര്‍ ബ്രേക്ക് അമര്‍ത്താന്‍ വൈകിയാല്‍ വാഹനം സ്വയം എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിച്ച് അപകടം ഒഴിവാക്കും എന്നതാണ് വാഹനത്തിന്റെ സവിശേഷത.

സഡന്‍ ബ്രേക്കിടുമ്പോള്‍ പിന്നിലുള്ള വാഹനങ്ങള്‍ക്കു കംമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ അപായ സൂചനയും നല്‍കും.

Top