സുധാകരനല്ല, ആര് തന്നെ നയിച്ചാലും, നയം മാറ്റാതെ കോൺഗ്രസ്സിന് രക്ഷയില്ല

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി പരാജയപ്പെട്ടാല്‍ ബി.ജെ.പിയിലേക്ക് നേതാക്കളും പ്രവര്‍ത്തകരും ചേക്കേറുമെന്ന് പറഞ്ഞ കെ.സുധാകരനാണിപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍. ഈ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അദ്ദേഹം പോലും കോണ്‍ഗ്രസ്സ് വിടുമായിരുന്നു. കെ.സുധാകരന്‍ ചോദിച്ചു വാങ്ങിയ പദവി തന്നെയാണിത്. ഒരു തരം ഭീഷണി എന്നു തന്നെ വേണമെങ്കില്‍ ഈ ഇടപെടലിനെയും വിലയിരുത്താം. ‘താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ‘ എന്നൊക്കെ പറഞ്ഞ് നിയമനത്തിന് ‘സുതാര്യത’ നല്‍കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം ഇനിയെങ്കിലും ശ്രമിക്കരുത്. അത് രാഷ്ട്രീയ കേരളത്തില്‍ വിലപ്പോവുകയില്ല.

കെ.സുധാകരന്‍ കെ.പി.സി.സി അദ്ധ്യക്ഷനായതു കൊണ്ട് ഒരു മാറ്റവും കേരളത്തിലെ പാര്‍ട്ടിയില്‍ സംഭവിക്കാന്‍ പോകുന്നില്ല. സംഘ പരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസ്സിലുള്ള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടു കൂടിയാണ് ഇത്ര വലിയ പരാജയം കോണ്‍ഗ്രസ്സിന് നേരിടേണ്ടി വന്നിരിക്കുന്നത്. യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും ചെങ്കൊടി പാറിയത് കോണ്‍ഗ്രസ്സില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള അവിശ്വാസത്തിന് ഒന്നാംന്തരം ഉദാഹരണമാണ്. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ ഒരിക്കലും കെ.സുധാകരന്‍ ഒരു പോംവഴിയല്ല. കാരണം ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളുമായി ഏറ്റവും അധികം അടുപ്പമുള്ള നേതാവാണ് കെ.സുധാകരന്‍.

യു.ഡി.എഫ് ഭരണത്തില്‍ ഈ ആനുകൂല്യം കൂടുതല്‍ ലഭിച്ചിട്ടുള്ളതും ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ക്കാണ്. രമേശ് ചെന്നിത്തലയുടെ പരിവാര്‍ അടുപ്പം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയാണ് ഉണ്ടാക്കിയതെങ്കില്‍ സുധാകരന്റെ പുതിയ നിയമനം അവര്‍ക്കിടയില്‍ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. യുവാക്കളായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആവേശമല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുക എന്നതും കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം മനസ്സിലാക്കുന്നത് നല്ലതാണ്. കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ്സ് തകര്‍ന്നടിഞ്ഞു കഴിഞ്ഞു. താഴെ തട്ടു മുതല്‍ സംഘടന എന്ന രൂപത്തില്‍ ഒരു സംവിധാനം തന്നെ ആ പാര്‍ട്ടിക്ക് ഇപ്പോഴില്ല.

ഇന്നത്തെ കോണ്‍ഗ്രസ്സ് നേതാവ് നാളത്തെ ബി.ജെ.പി നേതാവ് എന്നതാണ് നിലവിലെ അവസ്ഥ. അതിന് ജോതിരാദിത്യ സിന്ധ്യ മുതല്‍ ഉദാഹരണങ്ങളും അനവധിയാണ്. ഭരണം ലഭിച്ച കര്‍ണ്ണാടക, ഗോവ, മധ്യപ്രദേശ് ഉള്‍പ്പെടെ പല സംസ്ഥാന ഭരണങ്ങളും കൈവിട്ട് പോയത് ഖദര്‍ കാവിയണിഞ്ഞപ്പോയാണ്. ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദയും ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടിരിക്കുകയാണ്. കെ.സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷനായി ഹൈക്കമാന്റ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ഈ പ്രഹരം കോണ്‍ഗ്രസ്സ് നേതൃത്വം ഏറ്റുവാങ്ങിയിരിക്കുന്നത്.

ജിതിന്‍ പ്രസാദയും പതിവ് തെറ്റിക്കാതെ ബിജെപിയില്‍ തന്നെയാണിപ്പോള്‍ ചേര്‍ന്നിരിക്കുന്നത്. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് അദ്ദേഹത്തിന് അംഗത്വം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ നേതൃമാറ്റമാവശ്യപ്പെട്ട ജി23 ഗ്രൂപ്പിലുണ്ടായിരുന്ന പ്രധാന നേതാവാണ് ജിതിന്‍ പ്രസാദ. ബംഗാളിന്റെ ചുമതലയാണ് അദ്ദേഹം ഇതുവരെ വഹിച്ചിരുന്നത്. ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണിതെന്നും നിലവിലെ സാഹചര്യത്തില്‍ കൃത്യമായ പദ്ധതികളും നേതൃത്വവുമുള്ളത് ബിജെപിക്കാണെന്നും ജിതേന്ദ്ര പ്രസാദ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നേതാക്കളെ സൃഷ്ടിച്ചതിന് സ്വന്തം അനുയായികളോട് കോണ്‍ഗ്രസ്സ് ഹൈക്കമാന്റാണ് മാപ്പ് പറയേണ്ടത്.

”വിശ്വാസം . . . അത്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മാത്രമല്ല നേതാക്കള്‍ക്കും ഏറെ പ്രധാനമാണ്. അതില്ലാത്തതാണ് കോണ്‍ഗ്രസ്സ് ഇന്നു നേരിടുന്ന പ്രധാന പ്രതിസന്ധി. ഈ സാഹചര്യത്തില്‍ കെ സുധാകരനല്ല ഏത് കൊമ്പത്തെ നേതാവ് നയിക്കാന്‍ വന്നാലും ഒരു കാര്യവുമില്ല. കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളല്ല ബുദ്ധിമാന്‍മാരാണ്. അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകും. അത് മനസ്സിലാക്കാന്‍ പറ്റാത്തതാണ് രാഹുല്‍ ഗാന്ധിയുടെയും പിഴവ്.

Top