മാനേജറെ രക്ഷിച്ച് ഹീറോ ആയത് ഐശ്വര്യ, ഷാരൂഖ് അല്ല; ദൃക്‌സാക്ഷികളുടെ മൊഴി

ദീപാവലി നാളില്‍ അമിതാഭ് ബച്ചന്റെ വസതിയില്‍ നടന്ന പാര്‍ട്ടിക്കിടെ വസ്ത്രത്തില്‍ തീപ്പിടിച്ച ഐശ്വര്യയുടെ മാനേജറെ രക്ഷിച്ചത് ഷാരൂഖ് അല്ലെന്നും ഐശ്വര്യയാണെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ ഐശ്വര്യയുടെ മാനേജറായ അര്‍ച്ചനയെ ഷാരൂഖ് ഖാന്‍ രക്ഷിച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ ബോളിവുഡ് താരങ്ങളടക്കം ഒട്ടനവധി പേര്‍ ഷാരൂഖിനെ പ്രശംസിച്ച് അന്ന് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഐശ്വര്യയാണ് രക്ഷിച്ചെന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ബച്ചന്റെ വസതിയില്‍ സിനിമാപ്രവര്‍ത്തകര്‍ക്കായി നടത്തിയ പാര്‍ട്ടിക്കിടെയാണ് സംഭവം. ആഘോഷത്തിനിടെ ഐശ്വര്യയുടെ മാനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീപടര്‍ന്നുവെന്നും ഇത് ശ്രദ്ധയില്‍പ്പെട്ട ഷാരൂഖ് അര്‍ച്ചനയുടെ അടുത്തേക്ക് പാഞ്ഞെത്തുകയും വസ്ത്രത്തിലെ തീ തല്ലിക്കെടുത്തുകയും ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അര്‍ച്ചനയുടെ ഷാളില്‍ തീപടര്‍ന്നപ്പോള്‍ ഐശ്വര്യ ഓടിയെത്തി രക്ഷിക്കുകയായിരുന്നുവെന്ന് ബോളിവുഡ് വിനോദ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദൃക്സാക്ഷികള്‍ പറഞ്ഞതായാണ് വിവരം.

അര്‍ച്ചന മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മുഖത്തും കാലിലും ശസ്ത്രക്രിയ കഴിഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷാരൂഖ് ഖാന് പുറമെ കജോള്‍, അജയ് ദേവ്ഗണ്‍, കരീന കപൂര്‍, ദുല്‍ഖര്‍ സല്‍മാന്‍, വിരാട് കോഹ്‌ലി, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരും അന്ന് ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

Top